ഐ ടി സൗഹൃദ നഗരം ലക്ഷ്യം ;
ബിസിനസും സാങ്കേതികവിദ്യയും നിക്ഷേപവും
സംഗമിക്കുന്നു; ‘മെർജ് ഫ്യൂച്ചർ 2027’ ജനുവരി 9 നും 10 നും കോഴിക്കോട്
കോഴിക്കോട്: ബിസിനസ്, സാങ്കേതികവിദ്യ, നിക്ഷേപം എന്നീ മേഖലകളിലെ പുതിയ സാധ്യതകൾ ഒരുമിപ്പിച്ച് കോഴിക്കോട് വൻ ബിസിനസ് സംഗമത്തിന് വേദിയാകുന്നു. കാലിക്കറ്റ് ഫോറം ഫോർ ഐടി സംഘടിപ്പിക്കുന്ന ‘മെർജ് ഫ്യൂച്ചർ 2027’ ജനുവരി 9, 10 തീയതികളിൽ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. “മാറ്റങ്ങൾക്കൊപ്പം മുന്നേറാം ” എന്ന പ്രമേയത്തിലാണ് ദ്വിദിന പരിപാടി സംഘടിപ്പിക്കുന്നത്.
സാങ്കേതികവിദ്യയുടെ വളർച്ച വ്യവസായ മേഖലകളിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളും പുതിയ വാണിജ്യ സാധ്യതകളും പ്രയോജനപ്പെടുത്തി ബിസിനസ് വളർച്ചയ്ക്ക് വഴിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഉൽപ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിനും പുതിയ ആശയങ്ങൾ പങ്കുവെക്കുന്നതിനും നിക്ഷേപകരുമായും വ്യവസായ പ്രമുഖരുമായും തന്ത്രപ്രധാനമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും സംരംഭങ്ങൾക്ക് അവസരമൊരുക്കും.
രണ്ട് ദിവസങ്ങളിലായി 127 പ്രദർശന സ്റ്റാളുകൾ, 100 പ്രഭാഷകർ, 60 സെഷനുകൾ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കും. പതിനായിരത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫ്യൂച്ചർ ടെക്നോളജി, സൈബർ സുരക്ഷ, മാർക്കറ്റിങ്, ഇ-കൊമേഴ്സ്, ഫിൻടെക്, റീട്ടെയിൽ, മാനുഫാക്ചറിങ്, ലോജിസ്റ്റിക്സ്, എന്റർപ്രൈസ് ബിസിനസ് സൊല്യൂഷൻസ്, സ്റ്റാർട്ടപ്പുകൾ, നവീകരണം തുടങ്ങിയ അഞ്ച് പ്രധാന മേഖലകൾക്ക് പരിപാടിയിൽ പ്രത്യേക പ്രാധാന്യം നൽകും.വിവിധ മേഖലകളിലെ സംരംഭകരെയും നിക്ഷേപകരെയും സാങ്കേതികവിദ്യാ വിദഗ്ധരെയും ഒരേ വേദിയിൽ എത്തിക്കുന്നതിലൂടെ പുതിയ പങ്കാളിത്തങ്ങൾക്കും വിപണി സാധ്യതകൾക്കും വഴിതുറക്കാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കോഴിക്കോടിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്ന സംരംഭം കൂടിയാണിത്. 2030-ഓടെ കോഴിക്കോടിനെ പ്രമുഖ ബിസിനസ് ഹബ്ബായി വളർത്തുക, ഐടി അനുബന്ധ മേഖലകളിൽ 10,000 കോടി രൂപയുടെ ബിസിനസ് സൃഷ്ടിക്കുക, 50,000 തൊഴിലവസരങ്ങൾ ഒരുക്കുക എന്നിവയാണ് മെർജ് ഫ്യൂച്ചർ മുന്നോട്ടുവെക്കുന്ന ദീർഘകാല ലക്ഷ്യങ്ങൾ.ബിസിനസ് ഉടമകൾ, സംരംഭകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, സാങ്കേതികവിദ്യാ വിദഗ്ധർ, വിദ്യാർഥികൾ പരിപാടിയിൽ പങ്കാളികളാകും .ബി ടു ബി ,ബി ടു സി എന്നിവയ്ക്കുള്ള അവസരവും ഉണ്ടാകും .കോഴിക്കോടിനെ ഐ ടി സൗഹൃദ നഗരമാക്കുകയാണ് ലക്ഷ്യമിടുന്നത് ,എ ഐ യെ ഭീഷണിയായല്ല കാണുന്നത് ,പുതിയ സാധ്യത തുറക്കുകയും അതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമോ എന്ന് നോക്കുകയാണ് ചെയുന്നതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സംഘാടകർ മറുപടിയായി പറഞ്ഞു .
സൈബർ പാർക്കിൽ നടന്ന വാർത്ത സമ്മേളത്തിൽ അജയ് എം അരവിന്ദ് ,റിഫാദ് റഹ്മാൻ ,വിവേക് നായർ
കെ കെ പ്രജീഷ് ,കെ സി നിധിൻ,അബ്ദുൽ ഗഫൂർ , പി ടി ഹാരിസ് ,അഖിൽ കൃഷ്ണ എന്നിവർ പങ്കെടുത്തു
വിവരങ്ങൾക്ക്: www.mergefuture.com.