ജില്ലയുടെ വികസനത്തിനായി സംസ്ഥാന ബജറ്റിൽ പ്രത്യേക പദ്ധതികൾ ഉൾപ്പെടുത്തണം:കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ്
കോഴിക്കോട് : ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും തൊഴിൽ സൃഷ്ടിക്കുമായി സംസ്ഥാന ബജറ്റിൽ പ്രത്യേക പദ്ധതികൾ ഉൾപ്പെടുത്തണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആവശ്യപ്പെട്ടു.
ചേംബർ പ്രസിഡന്റ് അബ്ദുല്ലക്കുട്ടി എ.പി. സംസ്ഥാന സർക്കാരിന് സമർപ്പിച്ച നിവേദനത്തിലാണ് ബഡ്ജറ്റിൽ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടത്.
കോട്ടൂളിയിൽ അംഗീകാരം ലഭിച്ച മൊബിലിറ്റി ഹബ് പദ്ധതിക്ക് ഫണ്ട് അനുവദിക്കണം. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകരമാകും.
മാനാഞ്ചിറ–എല ത്തൂർ ( കണ്ണൂർ റോഡ്), മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡിന്റെ രണ്ടാം ഘട്ട വികസനം, എരഞ്ഞിപ്പാലം ജംഗ്ഷനിൽ ഫ്ലൈഓവർ നിർമ്മാണം, കരപ്പറമ്പ–കാക്കോടി–ബാലുശ്ശേരി റോഡിന്റെ നവീകരണവും കാരപ്പറമ്പ് ജംഗ്ഷനിലെ അനിയന്ത്രിതമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പ്രത്യേക പരിഗണന നൽകണം.
വ്യാപാരം, വിനോദസഞ്ചാരം, തൊഴിൽ, സമുദ്ര വികസനം എന്നിവ ലക്ഷ്യമാക്കി ബേപ്പൂർ തുറമുഖത്തെ പോർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണം .
ജില്ലയിൽ, പ്രത്യേകിച്ച് മാവൂരിലെ ഗ്വാളിയർ റയോൺസിന്റെ കൈവശമുള്ള ഭൂമി ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിച്ച്, ലോകോത്തര നിലവാരത്തിലുള്ള സ്പോർട്സ് വില്ലേജും മൾട്ടി-പ്രൊഡക്ട് ഇൻഡസ്ട്രിയൽ പാർക്കും സ്ഥാപിക്കണം. ഇത് വൻതോതിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും നിക്ഷേപം ആകർഷിക്കാനും വ്യവസായ വളർച്ച പ്രോത്സാഹിപ്പിക്കാനും കായിക പ്രതിഭകളെ വളർത്തിയെടുക്കാനും സഹായിക്കും
കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും വ്യാപാര മേഖലകളുടെ പ്രവർത്തനം സുഗമമാക്കുന്നതിനുമായി മൾട്ടി ലെവൽ പാർക്കിംഗ് പ്ലാസകൾ നിർമ്മിക്കുന്നതിന് ബജറ്റിൽ ഫണ്ട് വകയിരുത്തണം.
ഈ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ജില്ലയിലെ സമഗ്ര വികസനത്തിനും ഉത്തര കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും വലിയ സാഹചര്യമൊരുക്കുമെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എ. പി.അബ്ദുല്ലക്കുട്ടി അഭിപ്രായപ്പെട്ടു.