വാർഡ് കൗൺസിലറുടെവക വിജയാഘോഷം;വയനാട്ടിലേക്കൊരുവിനോദ യാത്ര
കോഴിക്കോട് : കോർപ്പറേഷനിൽ ശക്തമായ പോരാട്ടം നടത്തി മിന്നും വിജയം നേടിയ
വാർഡ് കൗൺസിലർ സഹ പ്രവർത്തകർക്ക് വിനോദ യാത്ര ഒരുക്കുന്നു . കോർപ്പറേഷൻ 8 ആം വാർഡ് (മലാപ്പറമ്പ്) കൗൺസിലർ കെ സി ശോഭിതയാണ് തനിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചവർക്ക് വയനാട്ടിലെ റിസോർട്ടിലേക്ക് വിനോദ യാത്ര ഒരുക്കുന്നത്.ഡിസംബർ 27 ന് ഉച്ചക്ക് 2.30 ന് കാരപ്പറമ്പ് ഹോമിയോ മെഡിക്കൽ കോളേജിന് മുന്നിൽ നിന്നും യാത്ര തിരിക്കും.
എം കെ രാഘവൻ എം പി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. മാനന്തവാടി കൊയിലേരി 30 ഏക്കറാ ഫാം ഹൗസിലേക്കാണ് യാത്ര. 28 ന് വൈകീട്ട് മടക്കം.
വിനോദ യാത്രയുടെ സംഘാടകരായ യു ഡി എഫ് 8 ആം വാർഡ് കമ്മിറ്റി അംഗങ്ങൾ അടക്കം 60 പേരുമായി ടൂറിസ്റ്റ് ബസിലാണ് യാത്ര. ” രാവും പകലും പൊരി വെയിലിലും വോട്ട് അഭ്യർത്ഥനയുമായി ഒപ്പം ചേർന്നവർക്ക് ഒരു ഉല്ലാസയാത്ര വേണമെന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരാഴ്ച പിന്നിട്ടപ്പോൾ കുറച്ച് പ്രവർത്തകരുമായി പങ്ക് വെച്ചിരുന്നു, ഇവരിൽ കൂടുതൽ പേർക്കും വിനോദ യാത്ര സസ്പെൻസാണ് – കെ സി ശോഭിത പറഞ്ഞു.
കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഗോദയിൽ ഇത് നാലാം തവണയാണ് ശോഭിത വിജയക്കൊടി നാട്ടുന്നത്. കഴിഞ്ഞ തവണ ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തിയ പ്രതിപക്ഷ നേതാവ് ആയി ശോഭിത തിളങ്ങിയിരുന്നു.
മുൻ ഡി സി സി പ്രസിഡൻ്റ് കെ സി അബുവിൻ്റെ മകളാണ് ശോഭിത .