നഗര വികസനവും പ്രതീക്ഷകളും : കാലിക്കറ്റ് ചേംബർ സ്ഥാനാർത്ഥികളുമായി സംവദിച്ചു
കോഴിക്കോട് : നഗര വികസനവും പ്രതീക്ഷകളും പങ്ക് വെച്ച് സ്ഥാനാർഥികളുമായി കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച മുഖാമുഖം ശ്രദ്ധേയമായി. കോഴിക്കോട് നോർത്ത് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ , എൻ ഡി എ സ്ഥാനാർഥി നവ്യ ഹരിദാസ് , യു ഡി എഫ് സ്ഥാനാർഥി കെ ജയന്ത് , കോഴിക്കോട് സൗത്ത് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ ഫൈസൽ ബാബു, എൽ ഡി എഫ് സ്ഥാനാർഥി അഹമ്മദ് ദേവർ കോവിൽ , എൻ ഡി എ സ്ഥാനാർഥി ടി റനീഷ് എന്നിവരാണ് മീറ്റ് ദി കാൻ്റിഡേറ്റിൽ പങ്കെടുത്തു. നഗര വികസനവുമായി ബന്ധപ്പെട്ട് ചേംബർ മുന്നോട്ട് വെച്ച എട്ട് നിർദ്ദേശങ്ങളിൽ ഓരോ സ്ഥാനാർഥികളും അഭിപ്രായങ്ങൾ അവതരിപ്പിച്ചു. നഗരത്തിലെ മൾട്ടി ലെവൽ കാർ പാർക്കിംഗ്, വേസ്റ്റ് മേനേജ്മെൻ്റ് , കനോലി കനാൽ നവീകരണം , ബീച്ച് ടൂറിസം , റെയിൽ വേ സ്റ്റേഷൻ നവീകരണം വേഗത്തിലാക്കൽ എന്നിവയിലായിൽ ചർച്ച ചൂട് പിടിച്ചത്.
ആധുനിക വേസ്റ്റ് മേനേജ് മെൻ്റ് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് നവ്യ ഹരിദാസ് നഗര വികസന ചർച്ചക്ക് തുടക്കമിട്ടു. മാലിന്യ സംസ്കരണത്തിൽ പൗര ബോധം ഇല്ലായ്മക്കുറിച്ച് തോട്ടത്തിൽ രവീന്ദ്രൻ വിഷയത്തെ സജീവമാക്കി. നാട്ടിൽ എന്ത് നടപ്പിലാക്കാനും സ്വകാര്യ പങ്കാളിത്തവും കേന്ദ്ര സഹായവും വേണമെന്നും ഇതിന് എൻ എഡി എ ക്ക് അവസരം വേണമെന്ന് ടി റിനീഷ് പറഞ്ഞു. കോഴിക്കോടിനെ ഹാപ്പിനസ് സിറ്റി യിക്കുമെന്ന് ഫൈസൽ ബാബു പറഞ്ഞു. നഗര വികസനത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണമെന്ന് കെ ജയന്ത് അഭിപ്രായപെട്ടു. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റോഡ് വികസനവും മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനങ്ങളും അനിവാര്യമാണെന്ന് സ്ഥാനാർത്ഥികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. മൊബിലിറ്റി ഹബ് സ്ഥാപനം നഗര ഗതാഗതത്തെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്തുന്നതിലൂടെ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം സാധ്യമാകുമെന്നും നിർദ്ദേശങ്ങൾ ഉയർന്നു.
മാലിന്യ സംസ്കരണ പ്രശ്നങ്ങളും സംവാദത്തിൽ ശക്തമായി ഉയർന്നു. ആധുനിക വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്ഥാനാർത്ഥികൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. നഗരത്തിലെ ഡ്രൈനേജ് സംവിധാനത്തിലെ അപാകതകൾ കാരണം മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്നങ്ങൾക്കും അടിയന്തര പരിഹാരം വേണമെന്ന ആവശ്യവും ഉയർന്നു. ആരോഗ്യരംഗത്തും സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചർച്ചയായി. കൂടുതൽ രോഗികളെ കാര്യക്ഷമമായി ചികിത്സിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് സ്ഥാനാർത്ഥികൾ അഭിപ്രായപ്പെട്ടു.
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി കോഴിക്കോട് ബീച്ച് വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് അഭിപ്രായം ഉയർന്നു. ബീച്ച് ടൂറിസം കൂടുതൽ ആകർഷകമാക്കുന്നതിലൂടെ നഗരത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പ്രോത്സാഹനം ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥികൾ വ്യക്തമായ പ്രവർത്തന പദ്ധതികൾ മുന്നോട്ടുവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയും സംവാദത്തിൽ ഉയർന്നു. നഗരത്തിന്റെ വിവിധ മേഖലകളിൽ ഏകോപിതമായ പ്രവർത്തനവും ദീർഘകാല ദർശനവും അനിവാര്യമാണെന്ന് വിലയിരുത്തപ്പെട്ട മുഖാമുഖം ശ്രദ്ധേയമായി. ചേംബർ പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബോബിഷ് കുന്നത്ത്, ട്രഷർ അർഷാദ് ആദിരാജ ,പി എം ഷാനവാസ്, എം മുസമ്മിൽ, ഐപ്പ് തോമസ്, സുബൈർ കൊളക്കാടൻ, റഫി പി ദേവസി, സുന്ദർ രാജുലു , ടി പി എം ഹാഷിർ അലി എന്നിവർ സംസാരിച്ചു.
ഫോട്ടോ : കാലിക്കറ്റ് ചേംബർ സംഘടിപ്പിച്ച മീറ്റ് ദി ക്യാൻഡിഡേറ്റ് ൽ സ്ഥാനാർഥികളായ കോഴിക്കോട് നോർത്ത് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ , എൻ ഡി എ സ്ഥാനാർഥി നവ്യ ഹരിദാസ് , കോഴിക്കോട് സൗത്ത് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ ഫൈസൽ ബാബു, എൽ ഡി എഫ് സ്ഥാനാർഥി അഹമ്മദ് ദേവർ കോവിൽ , എൻ ഡി എ സ്ഥാനാർഥി ടി റനീഷ് എന്നിവർ ചേംബർ ഭാരവാഹികൾക്കൊപ്പം.
ഫോട്ടോ : യു ഡി എഫ് സ്ഥാനാർഥി കെ ജയന്തും എൽ ഡി എഫ് സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രനും സൗഹൃദം പങ്കു വെക്കുന്നു ( ജയന്ത് വൈകിയാണ് വന്നത് ).
