പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സ്മാരക സാഹിത്യപുരസ്കാരങ്ങൾ സമ്മാനിച്ചു
കോഴിക്കോട്: പ്രമുഖ സാഹിത്യവിമർശകനും ‘കേരള സാഹിത്യ ചരിത്രം കാലഘട്ടങ്ങളിലൂടെ’ ഉൾപ്പെടെ നിരവധി വിജ്ഞാന ഗ്രന്ഥങ്ങൾ മലയാളത്തിന് സമ്മാനിച്ച, ഫറോക്ക് അധ്യാപക പരിശീലന കോളേജ് പ്രിൻസപ്പലായിരുന്ന പ്രൊഫ.എരുമേലി പരമേശ്വരൻ പിള്ളയുട സ്മരണക്ക് തിരുവനന്തപുരം, കേരള ബുക്സ് ആൻ്റ് എഡ്യൂക്കേഷണൽ സപ്ലൈയേഴ്സ് ഏർപ്പെടുത്തിയ മൂന്നാമത് എരുമേലി പരമേശ്വരൻ പിള്ള സാഹിത്യപുരസ്കാരങ്ങൾ വിതരണം ചെയ്തു. കോഴിക്കോട് കൈരളി – ശ്രീ തിയേറ്റർ വേദി ഓഡിറ്റോറിയത്തിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. 15001 രൂപയും ആർട്ടിസ്റ്റ് ഗുരുകുലം ബാബു രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങിയതായിരുന്നു പുരസ്കാരം. നോവലിന് ഡോ. സി.കെ.ഷാജി ബിൻ്റെ ‘സൂര്യനസ്തമിക്കാത്ത മനുഷ്യൻ’ (മാതൃഭൂമി ബുക്സ്), കവിതയ്ക്ക് എൻ.എസ്.മേരി കൊട്ടുപ്പള്ളിലിൻ്റെ ‘നീർച്ചാലും വഴിത്താരയും’ (സ്വതന്ത്ര ബുക്സ്, കോഴിക്കോട്), സമഗ്രസംഭാവനക്ക് കൈപ്പട്ടൂർ തങ്കച്ചനും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കാളാണ്ടിത്താഴം ദർശനം സാംസ്കാരികവേദിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എഴുത്തുകാരൻ വി.ആർ. സുധീഷ് അധ്യക്ഷനായി. മുൻ മേയർ ഡോ. ബീനാ ഫിലിപ്പ് എരുമേലി പരമശ്വരൻ പിള്ള അനുസ്മരണപ്രഭാഷണം നടത്തി. പുരസ്കാര ശില്പം രൂപകല്പന ചെയ്ത ആർട്ടിസ്റ്റ് ഗുരുകുലം ബാബുവിനെ ചടങ്ങിൽ ആദരിച്ചു. പുരസ്കാരനിർണയസമിതി മെൻ്റർ എ. ഗോകുലേന്ദ്രൻ പ്രശസ്തി പത്രം വായിച്ചവതരിപ്പിച്ചു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ നിർവാഹകസമിതി അംഗം ടി.കെ. പ്രേമലത,ദർശനം ഗ്രന്ഥാലയം സെക്രട്ടറി ടി.കെ. സുനിൽ കുമാർ, ദർശനം സാംസ്കാരിക വേദി ട്രഷറർ കൊല്ലറക്കൽ സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. പുരസ്കാര ജേതാക്കളായ ഡോ. സി.കെ.ഷാജിബ്, എൻ.എസ്.മേരി കൊട്ടുപ്പള്ളിൽ, കൈപ്പട്ടൂർ തങ്കച്ചൻ എന്നിവർ മറുമൊഴി നടത്തി.
M A Johnson,
Programme coordinator Darsanam Samskarika Vedi
Kalandithazham
Chelavoor post
9745030398
