നഗരത്തിൽ മിനി വനം നിർമ്മിക്കൽ ; മാനാഞ്ചിറ പാർക്കിൽ “മിയാവാക്കി മാതൃകസൂഷ്മ വനം” ഒരുങ്ങുന്നു
കോഴിക്കോട് : നഗരം കാർബൺ രഹിതമാക്കുക ലക്ഷ്യമിട്ട് മിനി വനം നിർമ്മിക്കുന്നതിനായി മിയാവാക്കി മാതൃക സൂഷ്മ വനം പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറിൻ്റെ സാമ്പത്തിക പിന്തുണയോടെ,
കോഴിക്കോട് കോർപ്പറേഷനും ദർശനം സാംസ്കാരിക വേദിയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് നിർവ്വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് ഭാവി തലമുറക്ക് ഉത്തരമാണ് കാർബൺ ന്യൂട്രൽ പദ്ധതിയെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. കോർപ്പറേഷൻ കൗൺസിൽ തീരുമാനപ്രകാരം മാനാഞ്ചിറ അൻസാരി പാർക്കിൽ ഫൗണ്ടന് സമീപം അനുവദിച്ച ഒരു സെൻ്റ് സ്ഥലത്ത് 70 വൃക്ഷങ്ങളാണ് മിയാവാക്കി മാതൃകയിൽ സ്ഥാപിക്കുന്ന പദ്ധതി. സി ഡബ്ള്യൂ ആർ ഡി എ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, സാമൂഹ്യ വനവത്ക്കരണ വിഭാഗം എന്നിവരുടെ സാങ്കേതിക സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ദർശനം പ്രസിഡൻ്റ് പി. സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൻ്റെ സാമ്പത്തിക സഹായത്തോടെ പാരിസ്ഥിതികം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ രണ്ടു കാവുകളിൽ കൂടി പദ്ധതി നടപ്പാക്കുമെന്ന് സിദ്ധാർത്ഥൻ പറഞ്ഞു. “ഒരു സെൻ്റ് സ്ഥലത്തെ മുഴുവൻ മണ്ണും ഒഴിവാക്കിയ കുഴിയിൽ സമ്പുഷ്ടീകരിച്ച ചകരിച്ചോർ, ചാണകപ്പൊടി, ഉമി എന്നിവ തുല്യ അളവിൽ കൂട്ടിയ മിശ്രിതം കൊണ്ട് നിറയ്ക്കും. മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ഡോ. മിഥുൻ വേണുഗോപാൽ നിർദ്ദേശിച്ച 70 തരം ഫലവൃക്ഷ – ഔഷധ സസ്യങ്ങളും രണ്ടാം വർഷം വള്ളിപ്പടർപ്പുകളും നടും. 3 വർഷം പരിപാലിച്ച ശേഷം നഗരസഭയ്ക് പദ്ധതി കൈമാറും.സമീപത്തെ ബി . ഇ .എം . ഗേൾസ് ഹയർ സെക്കൻ്ററിയിലെ എൻ എസ് എസ് വളൻ്റിയർമാരും ഗവ. മോഡൽ ഹൈസ്കൂളിലേകുട്ടികളും മാർച്ചു വരെ നന നൽകും. വേനലവധിക്കാലത്ത് നഗരത്തിലെ പരിസ്ഥിതി പ്രവർത്തകർ പരിപാലന ചുമതല നിർവഹിക്കും. 3 വർഷം കഴിഞ്ഞാൽ പിന്നീട് നനക്കേണ്ടതില്ല” – മിയാവാക്കി നിർമ്മാണ വിദഗ്ധൻ പി.ബാബുദാസ് പദ്ധതി വിശദീകരിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ എം.പി. ഹമീദ്, ഒ. സദാശിവൻ, സി ഡബ്ളൂ ആർ ഡി എം സയൻ്റിസ്റ്റ് ഡോ. പി.മഞ്ജുള , മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സയൻറിസ്റ്റ് ഡോ.പൂജ പുഷ്ക്കരൻ, നവനീത് കൃഷ്ണ ശർമ്മൻ, ബി ഇ എം സ്കൂൾ എൻ എസ് എസ് ഇൻ ചാർജ് തീർത്ഥ എസ്.നായർ, ദർശനം കമ്മിറ്റി അംഗങ്ങളായ എം.എൻ. രാജേശ്വരി, ആബിദ പള്ളിത്താഴം എന്നിവർ സംസാരിച്ചു. ദർശനം എക്സിക്യൂട്ടീവ് അംഗം കെ.എം ശ്രീനിവാസൻ സ്വാഗതവും കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ കെ. സതീശൻ നന്ദിയും പറഞ്ഞു.
ഫോട്ടോ : കോർപ്പറേഷനും ദർശനം സാംസ്കാരിക വേദിയും സംയുക്തമായി നടപ്പിലാക്കുന്ന “മിയാവാക്കി മാതൃക സൂഷ്മ വനം പദ്ധതി”യുടെ പ്രവർത്തി ഉദ്ഘാടനം ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് നിർവ്വഹിക്കുന്നു. കോർപ്പറേഷൻ കൗൺസിലർമാരായ എം.പി. ഹമീദ്, ഒ.സദാശിവൻ, ദർശനം പ്രസിഡൻ്റ് പി. സിദ്ധാർത്ഥൻ, സി ഡബ്ളൂ ആർ ഡി എം സയൻ്റിസ്റ്റ് ഡോ. പി.മഞ്ജുള , മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സയൻറിസ്റ്റ് ഡോ.പൂജ പുഷ്ക്കരൻ, നവനീത് കൃഷ്ണ ശർമ്മൻ,.ബാബുദാസ് എന്നിവർ സമീപം.

