കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജിന് നാക് എ ഗ്രേഡ് അംഗീകാരം ; പ്രഖ്യാപന ചടങ്ങ് നവംബർ 7 ന്
മുക്കം: കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജിന് ഗ്രേഡിങ്ങിൽ എ ഗ്രേഡോടെ നാഷണൽ അസസ്മെന്റ് ആൻഡ് അക്ക്രഡിറ്റേഷൻ കൗൺസിൽ അഥവാ നാക് അംഗീകാരം ലഭിച്ചതായി കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തു വാർത്ത സമ്മേളനത്തിൽ അറിയിച്ചു.നവംബർ 7-ന് വെള്ളിയാഴ്ച ഉച്ചക്ക് 3 ന് പുൽപറമ്പ് എം.സി. ഓഡിറ്റോറിയത്തിൽ കോളേജിന്റെ നാക് അംഗീകാര പ്രഖ്യാപന ചടങ്ങ് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻന്റെ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ വിശ്ഷ്ടാതിഥിയാവും. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപന രീതി, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർത്ഥി സൗഹൃദ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, കലാ–കായിക രംഗത്തെ മികവ് തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോളേജ് ഈ അംഗീകാരത്തിന് അർഹമായത്. നാക് അക്ക്രഡിറ്റേഷനിൽ എ ഗ്രേഡ് ലഭിക്കുന്ന കേരളത്തിലെ ഏക ആയുർവേദ മെഡിക്കൽ കോളേജ് എന്ന ബഹുമതിയും ഇനി കോളേജിന് സ്വന്തമാണ്. 2006-ൽ സ്ഥാപിതമായ കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജ് കേരളത്തിലെ മുൻനിര ആയുർവേദ കോളേജുകളിലൊന്നാണ്. കേരള ആരോഗ്യ സർവകലാശാല അംഗീകൃതമായ കോളേജിൽ, ബാച്‌ലർ ഓഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി കോഴ്സ് നൽകി വരുന്നു.സമൂഹ സേവന പ്രവർത്തനങ്ങൾ, വിദ്യാർത്ഥി നേതൃത്വത്തിലുള്ള പദ്ധതികൾ, പ്രായോഗിക പരിശീലനം എന്നിവയിൽ കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജ് മുഖ്യപങ്ക് വഹിച്ചു വരുന്നു. കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ശുഭശ്രീ, അക്രെഡിറ്റേഷൻസ് ഓഫീസർ കെ എൻ സലീം, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. സരുൺ മോഹൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

