“ഇനി സ്ത്രീകൾ കരഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷനിൽ എത്തിയാലും ചിരിച്ചുകൊണ്ടേ ഇറങ്ങിപോകുള്ളു”: ഡിജിപി ; സ്ത്രീ സുരക്ഷാ വിഭാഗത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നടന്നു
കോഴിക്കോട്: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ ഫല പ്രദമായി തടയുന്നതിനും ഇരകൾക്ക് അതിവേഗ നീതി ലഭ്യമാക്കുകയും ചെയ്യുന്നതിനായി സംസ്ഥാന വനിതാസെല്ലിന് കീഴിൽ രൂപീകരിച്ച സ്ത്രീകളുടെ സുരക്ഷാ വിഭാഗത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മജസ്റ്റിക് ഓഡിറ്റോറിയത്തിൽ സംസ്ഥാന പോലീസ് മേധാവി രവഡ ചന്ദ്രശേഖർ ഐ പി എസ് നിർവഹിച്ചു, “ഇനി സ്ത്രീകൾ കരഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷനിൽ എത്തിയാലും ചിരിച്ചുകൊണ്ടേ ഇറങ്ങിപോകുള്ളു” എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്ത്രീകളുടെ സുരക്ഷാ വിഭാഗത്തിന്റെ ലോഗോ പ്രകാശനവും വുമൺ സേഫ്റ്റി ഓഫീസർമാർക്കുള്ള ബാഡ്ജ് വിതരണത്തിന്റെ ഉദ്ഘാടനം കോഴിക്കോട് സിറ്റിയിലെ വനിത സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീസിത, തുളസി, ലീല എന്നിവർക്ക് നൽകി നിർവഹിച്ചു. ഇനി മുതൽ എല്ലാ പോലിസ് സ്റ്റേഷനിലും വനിതകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു വനിത സബ്ബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഒരു വുമൺ സേഫ്റ്റി ഓഫീസറെയും നിയമിക്കുമെന്ന് ഡിജിപി പറഞ്ഞു. സോഷ്യൽ പോളിസിങ് ഡിവിഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അജിത ബീഗം IPS അധ്യക്ഷത വഹിച്ചു .അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് എസ്. ശ്രീജിത് IPS മുഖ്യപ്രഭാഷണം നടത്തി. നോർത്ത് സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് രാജ്പാൽ മീണ IPS, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ IPS, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുണ് കെ. പവിത്രൻ IPS, വുമൺ സെൽ എ.ഐ.ജി ബാസ്റ്റിൻ സാബു IPS, അഡീഷണൽ സൂപ്രണ്ടന്റെ് ഓഫ് പോലീസ് പി. ബിജു രാജ്, നാർക്കോട്ടിക് സെൽ എ.സി.പി കെ.എ. ബോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ‘ഗാർഹികപീഡനവും നിയമ പരിരക്ഷയും’ എന്ന വിഷയത്തിൽ ഒരു കൺവെർജൻസ് യോഗം നടത്തി. നിയമ മേഖലയിലെ വിദഗ്ദർ പങ്കെടുത്തു. നിരവധി വനിതകളുടെ പരാതികൾ കേട്ട് അവർക്ക് ആവശ്യമായ നിയമോപദേശം നൽകുകയും ചെയ്തു.
