ജില്ലാ ഇന്‍ക്ലൂസീവ് കായികോത്സവത്തിന് നന്മണ്ടയിൽ തുടക്കം- മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
നന്മണ്ട : സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് നടക്കുന്ന ഇന്‍ക്ലൂസീവ് കായികോത്സവത്തിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കായികോത്സവം ഉദ്ഘാടനം ചെയ്തു. കായികോത്സവത്തിന്റെ ജേഴ്സി മന്ത്രി പ്രകാശനം ചെയ്തു. എസ്എസ്കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ കെ അബ്‌ദുൾ ഹക്കീം പതാക ഉയർത്തി. പഠനത്തോടൊപ്പം കലാ-കായിക ഇനങ്ങളിലും ഭിന്നശേഷി കുട്ടികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രണ്ടു ദിവസങ്ങളിൽ വിവിധ വേദികളിലായാണ് കായികോത്സവം നടക്കുന്നത്. ഉദ്ഘാടന ചടങ്ങിനു ശേഷം നന്മണ്ട സ്‌കൂളില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങൾ നടന്നു. ഞായറാഴ്ച മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അത്‌ലറ്റിക് മത്സരങ്ങളും തിങ്കൾ ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ്, നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജി.എച്ച്.എസ്.എസ് കാരപ്പറമ്പ് എന്നിവിടങ്ങളിലായി മറ്റു ഗെയിംസ് ഇനങ്ങളും നടക്കും. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളെ 14 വയസ്സില്‍ താഴെയും മുകളിലുമുള്ള രണ്ട് വിഭാഗത്തിൽ ഉള്‍പ്പെടുത്തിയാണ് മത്സരം. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികളോടൊപ്പം ഒരു പൊതുവിഭാഗം കുട്ടിയേയും ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പിനങ്ങള്‍ നടത്തുക.
ജില്ലയിലെ 15 ബി.ആര്‍.സികളില്‍ നടന്ന മത്സരങ്ങളില്‍ മികവ് തെളിയിച്ച കുട്ടികളാണ് ജില്ലാതലത്തില്‍ മാറ്റുരക്കുന്നത്.
ചടങ്ങിൽ സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ ഇ കെ രാജീവൻ അധ്യക്ഷത വഹിച്ചു. നന്മണ്ട എച്ച്എസ്എസ് എച്ച് എം അബുബക്കർ സിദ്ധിഖ് സ്പോർട്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. താമരശ്ശേരി ഡിഇഒ കെ കെ സുബൈർ മുഖ്യാതിഥിയായി. ഡിപിഒ മാരായ പി എൻ അജയൻ, സജീഷ് നാരായണൻ , വി ടി ഷീബ, എഇഒ എൻ അബ്ദുൽ അസീസ്, സ്വാഗതസംഘം ജനറൽ കൺവീനർ പി ബിന്ദു, നന്മണ്ട എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് പി ടി ജലീൽ, ചേളന്നൂർ ബിആർസി ബിപിസി ഡോ. പി അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.