പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലെ യാത്രാ ക്ലേശം പരിഹരിക്കണം; പി.ടി.എ കമ്മറ്റി അംഗങ്ങൾ നിവേദനം നൽകി
മുക്കം: യാത്രാദുരിതം അതിരൂക്ഷമായ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലെ യാത്രാദുരിതം പരിഹരിക്കാൻ നടപടിയാവശ്യപ്പെട്ട് പി.ടി.എ കമ്മറ്റി അംഗങ്ങൾ സ്കൂൾ മാനേജർ ബാലത്തിൽ ബാപ്പുവുമായി ചർച്ച നടത്തി. നിലവിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലേക്കും ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന തൊട്ടടുത്ത വാദി റഹമ സ്കൂളിലേക്കുമുള്ള പ്രധാന രണ്ട് റോഡുകൾ ആവശ്യത്തിന് വീതിയില്ലാത്തതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. രാവിലേയും വൈകുന്നേരങ്ങളിലും സ്കൂൾ സമയത്ത് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രദേശവാസികളും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രദേശവാസികൾ സ്ഥലം സൗജന്യമായി വിട്ടു നൽകി പഞ്ചായത്തിൻ്റെ ആസ്ഥി രജിസ്റ്ററിൽ ഉൾപ്പെടുത്തിയ കൊളായിൽ അഹമ്മദ് കുട്ടി ഹാജി റോഡാണ് ഏക ആശ്രയം.
ഈ റോഡ് പൂർണ്ണമായും ഗതാഗതയോഗ്യമാക്കാൻ കോടികൾ വേണമെന്നിരിക്കേ താൽക്കാലികമായി ഗതാഗതയോഗ്യമാക്കി യാത്ര പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പി.ടി.എ കമ്മറ്റി അംഗങ്ങൾ നിവേദനവും നൽകി. പി.ടി.എ വൈസ് പ്രസിഡൻ്റ് ഷരീഫ് അമ്പലക്കണ്ടി, എസ്.എം സി ചെയർമാൻ സി.ഫസൽ ബാബു, പി.ടി.എ കമ്മറ്റി അംഗങ്ങളായ സി. മൻസൂർ കൊടിയത്തൂർ, ഹഫ്സ പി.എച്ച്.ഇ.ഡി, ഷമീറ ഗോതമ്പറോഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ചിത്രം: യാത്ര ക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.ടി.എ കമ്മറ്റി അംഗങ്ങൾ സ്കൂൾ മാനേജർ ബാലത്തിൽ ബാപ്പുവിന് നിവേദനം നൽകുന്നു