
സുവർണ്ണ ജൂബിലിയുടെ നിറവിൽ ശ്രീ സുബ്രഹ്മണ്യ ആയുർവേദ നഴ്സിംഗ് ഹോം ; ആയുർവേദ മേഖലയിൽ ഗവേഷണ കേന്ദ്രം ഉയരണം: എം കെ രാഘവൻ എം പി
കോഴിക്കോട് :ആയുർവേദ മേഖലയിൽ ഗവേഷണ കേന്ദ്രം ഉയരണമെന്ന് എം കെ രാഘവൻ എം പി . ശ്രീ സുബ്രഹ്മണ്യ ആയുർവേദ നഴ്സിംഗ് ഹോമിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാം ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ കൺസോർഷ്യം രൂപീകരിച്ച് സംസ്ഥാന സർക്കാറിൻ്റെ മേൽനോട്ടത്തിൽ ഗവേഷണ കേന്ദ്രം ഉയരണം,അത് പോലെ ആയുർ വേദ മരുന്ന് നിർമ്മിക്കാൻ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവ് പരിഹരിക്കാൻ അടുത്ത 25 വർഷത്തെ പദ്ധതിയായി സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് ഔഷധ സസ്യവും ഔഷധ പാർക്കും നിർമ്മിക്കാൻ വനം -കൃഷി വകുപ്പുകൾ ഏകോപിപ്പിച്ച് സർക്കാർ മുൻകൈ എടുക്കണം കാരണം ആയുർവേദ ചികിത്സയുടെ യശസ്സാണ് സംസ്ഥാനത്ത് മെഡിക്കൽ ടൂറിസം വളരുന്നതിന് പ്രധാന കാരണം. ഇതിനിടയിൽ കോർപ്പറേറ്റുകൾ ആയുർ വേദ മേഖലയിൽ നിക്ഷേപം നടത്തുമ്പോൾ പാവപ്പെട്ടവർക്ക് നല്ല ചികിത്സ നഷ്ടപെടരുതെന്നും അതിനായി ശ്രീ സുബ്രഹ്മണ്യ ആയുർ വേദ നഴ്സിംഗ് ഹോം ഉൾപ്പെടെയുള്ള പാരമ്പര്യ വൈദ്യശാലകൾ മുൻ കൈ എടുക്കണമെന്നും എം പി കൂട്ടിച്ചേർത്തു. വൈദ്യ വൃത്തിയിൽ 60 വർഷം പിന്നിട്ട തെക്കെയിൽ രാജരത്നത്തിൻ്റെ അറിവുകൾ വരും തലമുറക്ക് പകർന്ന് കൊടുക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആശീർവാദ് ലോൺസിൽ നടന്ന ചടങ്ങിൽ മേയർ എം ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ചികിത്സ രംഗത്ത് 60 വർഷം പൂർത്തികരിച്ച ശ്രീ സുബ്രഹ്മണ്യ നഴ്സിംഗ് ഹോം സ്ഥാപകൻ ഭിഷക് രത്ന രാജരത്നം വൈദ്യരെ മേയർ ആദരിച്ചു. പൊന്നാട ഡോ പി മാധവൻ കുട്ടി വാര്യരും മംഗള പത്രം സോമശേഖരൻ കണ്ണൻ വൈദ്യരും റോട്ടറി കാലിക്കറ്റ് സൗത്തിൻ്റെ ഉപഹാരം കെ അരവിന്ദാക്ഷനും സമ്മാനിച്ചു. പുതിയ പ്രൊജക്ട് ഉദ്ഘാടനവും പുസ്തക പ്രകാശനവും ജില്ലാ കളക്ട്ർ സ്നേഹിൽ കുമാർ സിംഗ് നിർവ്വഹിച്ചു. ശിവഗിരി മഠം ബ്രഹ്മശ്രീ പ്രബോധ തീർത്ഥ സ്വാമികൾ, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ , കോഴിക്കോട് രൂപത വികാരി ജനറൽ മോൻസി . ഫാ. ജെൻസൺ പുത്തൻ വീട്ടിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ പി മാധവൻ കുട്ടി വാര്യരെ തെക്കെയിൽ കുടുംബം ആദരിച്ചു.
ആയുർവേദ ചികിത്സാ രംഗത്ത് സേവനം ചെയ്യുന്ന ഡോ ആര്യദേവി പാലപ്പുഴ , ഡോ പി വി രവീന്ദ്രൻ , ഡോ. എ പി ഹരിദാസൻ , ഡോ. ഇടൂഴി ഭാവദാസന് വേണ്ടി മകൻ ഡോ ഉണ്ണികൃഷ്ണൻ നമ്പൂതിരി,ഡോ രവീന്ദ്രനാഥ് , സി പി നാരായണൻ എന്നിവരെയും ആദരിച്ചു. ബി എ എം എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനി നവ്യ മോഹൻലാലിനെ അനുമോദിച്ചു. വാർഡ് കൗൺസിലർ എം വരുൺ ഭാസ്ക്കർ, സി പി എം ജില്ല സെക്രട്ടറി എം മെഹബൂബ് , ഡോ.റീന അനിൽ കുമാർ, ഭവിൻ ദേശായി ,ഡോ ടി ജയരാജ് ,ടി സുരേഷ് വൈദ്യൻ , ഡോ ടി എഗ്ലിസ രത്നം എന്നിവർ പ്രസംഗിച്ചു. ആയുർവേദ മരുന്ന് അസംസ്കൃത വസ്തു വ്യാപാരികളായ കമല ഹരിദാസൻ , ലോഹിതാക്ഷൻ കൃഷ്ണൻ, എന്നിവരെയും കേരള ഫ്ലവർ സ്റ്റോർ, ഇ എം ഇ സ്റ്റോർസ് എന്നി സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ സനന്ദ് രത്നം സ്വാഗതവും ജോ എൽവിസ് ജെറാൾഡ് നന്ദിയും പറഞ്ഞു.
ഫോട്ടോ : 2 – : ശ്രീ സുബ്രഹ്മണ്യ ആയുർവേദ നഴ്സിംഗ് ഹോമിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം എം കെ രാഘവൻ എം പി ഭ്രദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ : 3- ശ്രീ സുബ്രഹ്മണ്യ ആയുർവേദ നഴ്സിംഗ് ഹോമിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സ്ഥാപകൻ ഭിഷക് രത്ന രാജരത്നം വൈദ്യരെ മേയർ ബീന ഫിലിപ്പ് ആദരിക്കുന്നു.
