
വിനോദസഞ്ചാര സാധ്യതകൾ ലക്ഷ്യം ; മലബാർ ടൂറിസം മീറ്റ് ആഗസ്റ്റ് 29 മുതൽ സെപ്. 1 വരെ
കോഴിക്കോട് :മലബാർ ടൂറിസം കൗൺസിൽ ( എം ടി സി ) യുടെ നേതൃത്വത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ മലബാർ ടൂറിസം മീറ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ ഹോട്ടൽ ടിയാര ബൈ എം.പി.എസ്-ൽ മീറ്റ് നടക്കും. മലബാറിന്റെ വിനോദസഞ്ചാര സാധ്യതകളെ ദേശീയ-അന്തർദേശീയ തലങ്ങളിൽ ഉയർത്തിക്കാട്ടുന്ന, ഉത്തരകേരളത്തിലെ ഏറ്റവും വലിയ ടൂറിസം സംഗമമാണിതെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ് 29 ന് വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരുമായി സംഗമം , മലബാറിന്റെ ഭക്ഷ്യസംസ്കാരത്തെ പരിചയപ്പെടുത്തുന്ന കുലിനറി വാക്ക് എന്നിവ നടക്കും. 30 ന ഗ്രാൻഡ് ബി ടു ബി ടൂറിസം മീറ്റ് ഉദ്ഘാടനം എം കെ രാഘവൻ എം പി നിർവ്വഹിക്കും തുടർന്ന് പാനൽ ചര്‍ച്ചകൾ ,പ്രദര്‍ശനങ്ങൾ ,ബിസിനസ് നെറ്റ്വർക്കിംഗ് , കേരള ഫോൾക്ലോർ അക്കാദമി അവതരിപ്പിക്കുന്ന പൂരക്കളി, കൊൽക്കളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. 31 ന് സെപ്റ്റംബർ 1 നും മലബാറിന്റെ സമ്പന്നമായ വിനോദസഞ്ചാര സാധ്യതകളെ നേരിൽ അനുഭവിക്കുന്ന പോസ്റ്റ്-ഇവന്റ് ഇക്കോടൂറിസം ( ഫാം ട്രിപ്സ് ), പൈതൃകം, സംസ്കാരം, ഹോസ്പിറ്റാലിറ്റി എന്നിവ ഒരുക്കും. ഇന്ത്യ ടൂറിസം (ഇൻക്രെഡിബിൾ ഇന്ത്യ), ഇന്ത്യ സർക്കാർ ബേക്കൽ റിസോർട്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ (ബി ആർ ഡി സി) മുച്ചിറിസ് ഹെറിറ്റേജ് പ്രോജക്ട് സർഗാലയ ആർട്സ് ആൻ്റ് ക്രാഫ്റ്റ്സ് വില്ലേജ്,കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കെ ഐ ടി ടി എസ് ),കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ( കെ ടി ഡി സി ) എന്നിവരുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ട്. 150 ഓളം എക്സിബിറ്റേഴ്സ്, 1500 ഓളം ട്രേഡ് സന്ദർശകർ , 2500 ഓളം ഫുട്ഫാള്സ് ഉണ്ടാകുമെന്നും എം ടി സി പ്രസിഡൻ്റ് സജീർ പടിക്കൽ പറഞ്ഞു. മലബാർ സ്വതന്ത്ര വിനോദസഞ്ചാര ബ്രാൻഡാകണം, ഹോട്ടലുടമകൾ, ടൂർ ഓപ്പറേറ്റർമാർ, കരകൗശല തൊഴിലാളികൾ, സംരംഭകർ എന്നിവരെ ദേശീയ-അന്തർദേശീയ വിപണിയിൽ എത്തിക്കണം ,
പൂരക്കളി, കൊൽക്കളി പോലുള്ള കലാരൂപങ്ങൾ വഴി സംസ്കാരവും വിനോദസഞ്ചാരവും ബന്ധിപ്പിക്കുക, നിക്ഷേപങ്ങളും കൂട്ടായ്മകളും വഴി മേഖലയുടെ സമ്പദ്‌വികസനത്തിന് വഴിയൊരുക്കുക, സർക്കാർ-സ്വകാര്യ-സാംസ്കാരിക മേഖലകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവയാണ് മലബാർ ടൂറിസം മീറ്റ് ലക്ഷ്യമിടുന്നതെന്ന് മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ പറഞ്ഞു. മലബാർ ടൂറിസം മീറ്റ് വെറും ഒരു ബിസിനസ് ഇവന്റ് മാത്രമല്ല—മലബാറിന്റെ മറഞ്ഞുകിടക്കുന്ന വിനോദസഞ്ചാര സമ്പത്ത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. യാത്ര, വ്യാപാരം, നിക്ഷേപം എന്നിവയ്ക്ക് പുതിയ വഴികൾ തുറക്കുന്ന വേദിയാകും എം ടി എം എന്ന് സംഘാടകർ വ്യക്തമാക്കി. എം ടി എം ട്രേഡ്മാർക്ക് ലോഗോ ഹോട്ടൽ ടിയാര ജനറൽ മാനേജർ പി എ ശ്രീജിത്ത് പ്രകാശനം ചെയ്തു. വാർത്ത സമ്മേളനത്തിൽ മലബാർ ടൂറിസം കൗൺസിൽ പ്രസിഡൻ്റ് സജീർ പടിക്കൽ , സെക്രട്ടറി രജീഷ് രാഘവൻ , ട്രഷറർ യാസർ അറഫാത്ത് , വൈസ് പ്രസിഡൻ്റ് ആരിഫ് അത്തിക്കോട് , ഹോട്ടൽ ടിയാര ജനറൽ മാനേജർ പി എ ശ്രീജിത്ത് , കാഫ്റ്റ് കോർഡിനേറ്റർ അജു ഇമ്മാനുവൽ, നെക്സ്റ്റെ ഗ്രൂപ്പ് കോ ഫൗണ്ടർ ഷബീർ അസ്ലം എന്നിവർ പങ്കെടുത്തു.