
ഓണം സൗഹൃദ സദസ്സ് ശ്രദ്ധേയമായി ; എം ഇ എസ് പ്രസ്ഥാനം സംസാരിക്കുന്നത് സ്നേഹത്തിൻ്റെ ഭാഷ : ഡോ വർഗീസ് ചക്കാലക്കൽ
കോഴിക്കോട് : എം.ഇ എസ് പ്രസ്ഥാനം ഈ ഓണാഘോഷത്തിലൂടെ സംസാരിക്കുന്നത് സ്നേഹത്തിൻ്റെ ഭാഷയാണെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ്
ഡോ വർഗീസ് ചക്കാലക്കൽ. എം ഇ എസ് ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഓണം സൗഹൃദ സദസ്സ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഓണം ഒരുമയുടെ സന്ദേശമാണ് പകരുന്നത്, ഇന്ത്യ നില നിൽക്കണമെങ്കിൽ എല്ലാവരെയും സ്വീകരിക്കുന്ന, ഉൾകൊള്ളുന്ന സംസ്ക്കാരം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടക്കാവ് എം ഇ എസ് ഫാത്തിമ ഗഫൂർ മെമ്മോറിയൽ വനിത കോളജ് ഹാളിൽ നടത്തിയ സംസ്ഥാനതല ഉദ്ഘാടനം മുൻ ആരോഗ്യമന്ത്രി പി കെ ശ്രീമതി നിർവ്വഹിച്ചു.
മത നിരപക്ഷതയും സൗഹൃദവും മനുഷ്യത്വവും മാനുഷിക മൂല്യങ്ങളും, എന്നും നിലനിന്ന് കാണണം എന്ന എം.ഇ.എസിന്റെ ഉത്കടമായ ആഗ്രഹത്തിന്റെ ബഹിസ്പുരണമാണ് ഈ സൗഹൃദ ഓണാഘോഷ പരിപാടിയെന്ന് ശ്രീമതി ടീച്ചർ പറഞ്ഞു. എം ഇ എസ് പ്രസിഡൻ്റ് ഡോ പി എ ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു.
മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഗവാസ് ,പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി,ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി അത്മബോധൻ ജ്ഞാന തപസ്വി ,
കെ ടി കുഞ്ഞിക്കണ്ണൻ, ഡോ ഖദീജ മുംതാസ്, നൂർബിന റഷീദ് , കമാൽ വരദൂർ , കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ പി മുഹമ്മദ്, എൻ പി ചെക്കുട്ടി, ഡോ ഐ പി അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡൻ്റ് കെ വി സലീം സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ ഹമീദ് ഫസൽ നന്ദിയും പറഞ്ഞു. ഓണപൂക്കളവും ഓണ സദ്യയും ഒരുക്കിയിരുന്നു. സമാന രീതിയിൽ 100 കേന്ദ്രങ്ങളിലും ഓണാഘോഷം നടക്കുമെന്ന് എം ഇ എസ് അറിയിച്ചു.
ഫോട്ടോ : എം ഇ എസ് ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഓണം സൗഹൃദ സദസ്സ് സംസ്ഥാന തല ഉൽഘാടന ചടങ്ങിൽ കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ വർഗീസ് ചക്കാലക്കൽ മുഖ്യ പ്രഭാഷണം നടത്തുന്നു.