
ലോകമറിയുന്ന ബ്രാന്റ് ഗുരു ഇതാ കോഴിക്കോട്ടുണ്ട്…
ആവണി എ എസ്
കോഴിക്കോട് : കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചപ്പോള്‍ പ്രതിസന്ധികളില്‍ നിന്ന് അവസരങ്ങളും സാധ്യതകള്‍ കണ്ടെത്താന്‍ ഇറങ്ങിത്തിരിച്ച ഒരാളുടെ വിജയഗാഥയാണിത്. ബ്രാന്റിംഗ് മേഖലയില്‍ ചുവടുറപ്പിച്ച് ഇന്ന് ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളുടെ ബ്രാന്റ് അഡൈ്വസറായി വലിയൊരു സ്ഥാപനം കെട്ടിപ്പടുത്തയാള്‍ ഇന്ന് ബ്രാന്റ് സ്വാമിയെന്നാണ് ബിസിനസ് മേഖലയില്‍ അറിയപ്പെടുന്നത്. ബ്രിന്റിംഗിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ മുതലുള്ള പാഠങ്ങള്‍ ബിസിനസ് മേഖലയിലും ബ്രാന്റിംഗ്-അഡ്വര്‍ടൈംസിംഗ്-പബ്ലിക് റിലേഷന്‍സ് മേഖലയിലും പ്രവര്‍ത്തിക്കുന്നവരിലേക്ക് പകര്‍ന്നുകൊടുക്കുന്ന രാജ്യത്തെ ചുരുക്കം ബ്രാന്റ് ഗുരുക്കന്മാരില്‍ ഒരാള്‍ കൂടിയാണ് ജോബി ജോസഫ് എന്ന ബ്രാന്റ് സ്വാമി.
ബ്രാന്റിംഗ് മേഖലയില്‍ നിലകൊള്ളുന്നവര്‍ ഉപഭോക്താക്കളുടെ അഭിരുചികളെ മാത്രമല്ല, മാനസികവ്യാപാരങ്ങളെക്കൂടി ആഴത്തില്‍ പഠിച്ചാണ് ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. മുമ്പ് പരസ്യത്തിലൂടെയും പബ്ലിക് റിലേഷന്‍ മേഖലയുമൊക്കെ ചെയ്തിരുന്ന ജോലികളെ ഫലപ്രദമായും ഏകോപനത്തോടെയുമുള്ള പ്രവര്‍ത്തനത്തിലേക്ക് എത്തിക്കുകയും അതുവഴി ജനങ്ങളുടെ സ്വീകാര്യത നേടിയെടുക്കാന്‍ സാഹായിക്കുകയുമാണ് ബ്രാന്റിംഗ് എന്ന മേഖലയുടെ ദൗത്യം. ഈ രംഗത്തുള്ളവര്‍ പ്രൊഫഷണലുകള്‍ കേരളത്തില്‍ കുറവാണെങ്കിലും ദേശീയ-അന്തര്‍ദേശീയ രംഗങ്ങളില്‍ ബ്രാന്റ് ഗുരുക്കന്മാര്‍ പൊന്നുംവിലയുള്ളവരാണ്. അതുപോലെയൊരാളാണ് ഇവിടെ കോഴിക്കോട്ടുള്ളത്. കേരളത്തിലും രാജ്യമെമ്പാടും വിവിധ വിദേശരാജ്യങ്ങളിലും ബ്രാന്റിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ബ്രാന്റ് സ്വാമി എന്നറിയപ്പെടുന്ന ജോബി ജോസഫ്. വയനാട് ജനിച്ചുവളര്‍ന്ന് കോഴിക്കോട് നഗരത്തില്‍ സ്ഥിരതാമസമാക്കിയ ഇദ്ദേഹം ഇന്ന് നിരവധി ആഗോള ഉത്പന്നങ്ങളുടെ ബ്രാന്റിംഗ് നിര്‍വ്വഹിക്കുന്ന ആളാണ്.
സാമ്പത്തിക-വ്യാപാര-വ്യവസായ മേഖലകളില്‍ ഇന്ന് നിര്‍ണ്ണായകമായ സ്ഥാനമാണ് ബ്രാന്റിംഗിനുള്ളത്. എന്താണ് ബ്രാന്റിംഗ് എന്നതിന് ലളിതമായ വിശദീകരണം സ്ഥാപനങ്ങളെയും ഉത്പന്നങ്ങളെയും ജനങ്ങളുടെ മനസ്സിലേക്ക് കുടിയിരുത്തുക എന്നതാണ്. ഇത് അത്ര എളുപ്പമുള്ള ജോലിയല്ല എന്നത് പകല്‍പോലെ യഥാര്‍ത്ഥ്യവുമാണ്. പുതിയ സ്ഥാപനങ്ങളെയും ഉത്പന്നങ്ങളെയും മാത്രമല്ല നിലവിലുള്ളവയെയും ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കുക എന്നത് ഭഗീരഥപ്രയത്‌നമാണ്. മുന്‍കാലത്ത് തുടര്‍ച്ചയായ പരസ്യതന്ത്രത്തിലൂടെ ഓരോ ബ്രാന്റും ജനങ്ങളിലേക്ക് എത്തിക്കാമാ.ിരുന്നു. റേഡിയോ, പത്രങ്ങള്‍, മാസികകള്‍, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങള്‍വഴി ഇത് ജനങ്ങളിലേക്ക് എത്തിക്കാനും കഴിഞ്ഞിരുന്നു. എന്നാല്‍ ആധുനികസാങ്കേതികവിദ്യകളുടെ കാലത്ത് ഇതത്ര എളുപ്പമല്ല. വിപണിതന്നെ തുറന്ന യുദ്ധക്കളമാണ്. ആയിരക്കണക്കിന് സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും ഇടയില്‍ പുതിയൊരു ബ്രാന്റ് സൃഷ്ടിച്ചെടുക്കുക അത്ര എളുപ്പമല്ല. അതിനാല്‍ ലോകത്ത് നടക്കുന്ന സര്‍വ്വചലനങ്ങളെയും കൃത്യമായി നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ആളാണ് ബ്രാന്റ് അഡൈ്വസര്‍മാര്‍. സോഷ്യല്‍ മീഡിയയുടെ കാലത്ത് ഓരോ മനുഷ്യരും ഓരോതരം അഭിരുചിയുള്ള മനുഷ്യരാണ്. അവരിലേക്ക് ഫലപ്രദമായി കാര്യങ്ങളെ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. മാത്രമല്ല ആളുകള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ പ്രതികരണം നൊടിയിടയില്‍ എന്നത് മാത്രമല്ല അത് വളരെ പെട്ടെന്ന് പ്രചരിക്കുകയും വ്യാപിക്കുകയും ചെയ്യും.
മാധ്യമപ്രവര്‍ത്തകനായി പ്രൊഫഷണല്‍ ജീവിതം ആരംഭിച്ച ജോബി ജോസഫ് യാദൃശ്ചികമായി മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട മേഖലയിലെത്തുന്നതോടെയാണ് അഡൈ്വര്‍ടൈസിംഗിലും തുടര്‍ന്ന് ബ്രാന്റിംഗിലേക്കും എത്തപ്പെടുന്നത്. 2012 മുതല്‍ അഡ്വര്‍ടൈസിംഗ്, ബ്രാന്റിംഗ് മേഖലയില്‍ ചുവടുറപ്പിച്ച് ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെയും പുറത്തെയും മികച്ച കമ്പനികളുടെ ബ്രാന്റിംഗ് അസൈ്വസറായി മാറി. കോവിഡ് കാലം വരെ അഡ്വര്‍ടൈസിംഗ്, പബ്ലിക് റിലേഷന്‍ മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് തുടര്‍ന്ന് ബ്രാന്റിംഗ് രംഗത്ത് മാത്രം കാലുറപ്പിച്ചതോടെ നിരവധി പ്രമുഖ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടര്‍ന്നു. കോവിഡ് കാല പ്രതിസന്ധികളെ നേരിട്ടുകൊണ്ട് തന്റെ സ്ഥാപനത്തെ വളര്‍ത്തിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. പരസ്യമെന്നത് ബ്രാന്റിംഗ് അല്ലെന്നും ഒരു സ്ഥാപനമോ ഉത്പന്നമോ ഉപഭോക്താക്കളുടെ, പൊതുജനങ്ങളുടെ മനസ്സിലേക്ക് ആഴത്തില്‍ പതിയുന്നത് ഒരു ദീര്‍ഘകാല കൊടുക്കല്‍വാങ്ങല്‍ ബന്ധം വഴിയാണെന്നും അത്തരത്തിലൊരു അടുപ്പം അനുഭവപ്പെടുത്തുക എന്നതാണ് ബ്രാന്റിംഗിന്റെ ആത്മാവെന്നും അദ്ദേഹം പറയുന്നു.
വയനാട്ടില്‍ പടിഞ്ഞാറത്തറയില്‍ എം ഒ ജോസഫിന്റെയും സാറാമ്മയുടെയും മകനായി ജനിച്ചു. കോഴിക്കോട് ദേവഗിരി കോളേജില്‍ ഡിഗ്രി പഠനം. മനോരമ മാസ്‌കോമില്‍ ജേര്‍ണലിസം പി ജി കഴിഞ്ഞ് മലയാള മനോരമയില്‍ ഒന്നര വര്‍ഷം ജോലി ചെയ്തു. തുടര്‍ന്ന് ചെന്നൈയില്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ മൂന്നര വര്‍ഷം. 2011ല്‍ കവി പി കെ ഗോപിയുടെ മകള്‍ ആര്യ ഗോപിയുമായി വിവാഹം. 2012ല്‍ ജോലി വിട്ട് സ്വന്തം സ്ഥാപനമായ കളര്‍ ഡോപ്‌ളര്‍ ആരംഭിച്ചു. തുടര്‍ന്നാണ് ബ്രാന്റിംഗില്‍ ചുവടുറപ്പിച്ചതും ഇന്ന് രാജ്യത്തെ മുന്‍നിര ബ്രാന്റ് ഗുരുക്കന്മാരില്‍ ഒരാളായി മാറിയതും. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപമാണ് താമസം. ഏകമകന്‍ ജഹാന്‍.
