
സി.എച്ച് സെന്ററിന്റെ നിലനിൽപിനാധാരം പ്രവാസികളുടെ പിന്തുണയും സഹായവും; റഷീദലി തങ്ങൾ
കോഴിക്കോട്: പാവപ്പെട്ട രോഗികൾക്ക് വിവിധങ്ങളായ സഹായം ചെയ്തു വരുന്ന സി.എച്ച് സെന്ററിന്റെ നിലനിൽപ്പിനാധാരം പ്രവാസികളുടെയും അകമഴിഞ്ഞ സഹായവും പിന്തുണയുമാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഴിക്കോട് സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്‌തു കൊണ്ടിരിക്കുന്ന പ്രവാസികൾക്കായി സംഘടിപ്പിച്ച ‘പ്രവാസി സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ പ്രവാസി കളുടെ ദിവസവരുമാനത്തിൽ നിന്നും ഒരു പങ്ക് സി.എച്ച് സെന്ററിനു വേണ്ടി നീക്കി വെച്ച് അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് ചികിത്സാ ചിലവിനും മറ്റും ബുദ്ധിമുട്ടുന്ന പാവപ്പെട്ട രോഗികൾക്ക് സി.എച്ച് സെന്ററിന്റെ വിവിധങ്ങളായ പ്രവർത്തന പദ്ധതിയിലൂടെ യോജിച്ച് സഹായങ്ങൾ ചെയ്തു വരുവാനുള്ള സന്മനസോടെയുള്ള പ്രവർത്തനമാണ് അവർ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. അവർ നൽകുന്ന ഓരോ നാണയതുട്ടിനും തക്കതായ പ്രതിഫലം നാഥൻ നൽകട്ടെയെന്നും തങ്ങൾ കൂട്ടിച്ചേർത്തു. സി.എച്ച് സെന്റർ പ്രസിഡൻ്റ് കെ.പി കോയ അദ്ധ്യക്ഷത വഹിച്ചു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തി.
സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ ആന്റ് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി, ഷാർജ ദൈദ് കെ.എം.സി.സി, അജ്‌മാൻ കെ. എം.സി.സി വനിത വിങ്, എന്നിവർ സി.എച്ച് സെൻ്ററിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വരൂപിച്ച ഫണ്ട് ചടങ്ങിൽ കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, സെക്രട്ടറി വി. കെ ഹുസൈൻ കുട്ടി ദുബായ് കെ.എം. സി.സി. കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.പി മുഹമ്മദ്, തജ്‌വി ഗോൾഡ് ആന്റ് ഡയമണ്ട്സ് ചെയർമാൻ മുജീബ് റഹ് മാൻ, ശബീർ കാലടി സലാല, ഒ.കെ കാസിം ബഹ്‌റൈൻ, കെ.പി.എ സലാം ദുബായ്, മുസ് തഫ എലത്തൂർ ഖത്തർ, ജലിൽ മഷ്ഹൂർ തങ്ങൾ ദുബായ്, അഷ് റഫ് മസ്‌കത്ത്, ഫൈസൽ നരിക്കാട്ടേരി, സലീം കുവൈത്ത്, പി.കെ ജമാൽ, ഉമ്മർ ബാപ്പു എന്നിവർ സംസാരിച്ചു. സി.എച്ച് സെൻ്റർ ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ടി.പി മുഹമ്മദ് നന്ദിയും പറഞ്ഞു, സി.എച്ച് സെന്റർ വൈസ് പ്രസിഡന്റുമാരായ ഇ. മാമുക്കോയ മാസ്റ്റർ, പി.എൻ.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മരക്കാർ
ഹാജി, സെക്രട്ടറിമാരായ ഒ. ഉസ്സയിൻ, ബപ്പൻ കുട്ടി നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി, ജനറൽ മാനേജർ അബ്ദുറഹിമാൻ നേതൃത്വം നൽകി. സഊദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, മസ്‌റ്റ്, സലാല കെ. എം.സി.സി. വിവിധ കമ്മിറ്റി കളുടെ പ്രതിനിധികൾ സി.എച്ച് സെന്റർ വളണ്ടിയർമാർ,സ്റ്റാഫുകൾ സംബന്ധിച്ചു.
ചിത്രം: കോഴിക്കോട് സി.എച്ച് സെന്റർ പ്രവാസി സംഗമം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു