
കാവിക്കൊടി പിടിച്ച ഭാരത മാതയുടെ രാഷ്ട്രീയചർച്ചകൾ, പൊതുബോധം രൂപപ്പെടുത്തുന്ന ഇമേജറികൾ
“What do pictures want? They want to be looked at, to be recognized, to be interpreted, and perhaps even to be obeyed.” അമേരിക്കൻ സാംസ്കാരിക ചിന്തകൻ ഡബ്ല്യു.ജെ.ടി. മിച്ചലിന്റെ (W.J.T. Mitchell) പ്രശസ്തമായ ചോദ്യമാണ്: “What do pictures want?” ചിത്രങ്ങൾ കാണപ്പെടാൻ ആഗ്രഹിക്കുന്നു, അംഗീകരിക്കപ്പെടാൻ ആഗ്രഹിക്കുന്നു, മറ്റുള്ളവരിൽ വികാരങ്ങൾ ഉണർത്താൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ, കേരളത്തിൽ ‘ഭാരത മാതാവ്’ (Bharat Mata) ചിത്രത്തിന്റെ ഭരണഘടനാ ഓഫീസുകളിലെ പ്രദർശനങ്ങൾ വെറും ആകസ്മികമാകാൻ തരമില്ലെന്നാണ് തോന്നുന്നത്. അതിന് പിന്നിൽ ഒരു പ്രബലമായ പ്രത്യയശാസ്ത്രപരമായ ഉദ്ദേശങ്ങളുണ്ടാകാം. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് അരങ്ങേറിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇമേജുകൾ (ഇവിടെ ‘ഭാരത മാതാവ്’) എങ്ങനെ ഒരു സമൂഹത്തിന്റെ മനസ്സിനെയും രാഷ്ട്രീയത്തിനെയും സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചുള്ള ചില അക്കാദമിക നിരീക്ഷണങ്ങളാണ് ഈ കുറുപ്പിൽ.
കഴിഞ്ഞ ജൂൺ 05-ന് കേരള കാർഷിക വകുപ്പ് പരിസ്ഥിതി ദിനാഘോഷം ഗവർണറുടെ രാജ്ഭവനിൽ നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ‘ഭാരത് മാത’-യുടെ ചിത്രം പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടന്ന് പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റിനുള്ളിലെ ദർബാർ ഹാളിലേക്ക് മാറ്റി. ഭാരത് മാതാവിന്റെ ഛായാചിത്രത്തിന് പുഷ്പം അർപ്പിക്കണമെന്ന രാജ്ഭവൻ അഭ്യർത്ഥനയെ തുടർന്നാണ് വകുപ്പ് മന്ത്രി രാജ്ഭവനിലെ പരിപാടി ഉപേക്ഷിച്ചത്. പരമ്പരാഗത നിലവിളക്കിനൊപ്പം ‘കാവിക്കൊടി പിടിച്ച ഭാരത മാത’ യുടെ ചിത്രം ഉൾപ്പെടുത്തിയതോടെ ഇമേജുകളുടെ രാഷ്ട്രീയ ഉപയോഗത്തെ കുറിച്ച് പഠിക്കാനുള്ള ഗൗരവ സ്വഭാവമുള്ള ഒരു കേസ് സ്റ്റഡിയായി പോലും സംഭവത്തെ എടുക്കാമെന്ന അക്കാദമിക താൽപര്യത്തിൽ മാത്രമാണ് ഈ എഴുത്ത്.