
ലോങ് ടേക്സ് എന്ന കാണി നിർമ്മിക്കുന്ന സിനിമ
പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നതൊരു ആദർശമാണെന്ന് പറയാനാവില്ല. പ്രയോഗത്തിലെത്താൻ പ്രയാസമായത് എന്നുകൂടിയാണ് ആദർശം എന്ന് ഇടശ്ശേരി എഴുതിയത് ഓർക്കുന്നു. ആഹ്വാനവുമല്ല അത്. അതിന് വേണമെങ്കിൽ നിവൃത്തികേട് എന്നും പറയാം. മറ്റൊരു ഗതിയുമില്ലാത്തതിന്റെ, മറ്റൊരു തെരഞ്ഞെടുപ്പില്ലാത്തതിന്റെ അവസ്ഥയാണത്. അതുകൊണ്ട് പ്രകൃതിയിലേക്ക് മടങ്ങുക എന്നത് സാമാന്യാർഥങ്ങളിൽ തന്നെ അംസംബന്ധമാണ്. കാരണം അതല്ലാതെ ഒരു സാധ്യത പ്രകൃതിയിൽ ഒന്നിനുമില്ല. മാത്രമല്ല മടങ്ങാൻ പ്രകൃതിയിൽ നിന്ന് ആരും പുറത്തുപോകുന്നുമില്ല. മനുഷ്യനിൽ നിന്ന് വ്യത്യസ്തമായ ഒന്നായി പ്രകൃതിയെ കാണുന്നതിന്റെ പന്തികേട് ഈ ആലോചനയിലുണ്ട്. വീടിനെ സംബന്ധിച്ചും സമാനമാണ് കാര്യങ്ങൾ. വീട് നാം നമുക്കായി പണിയുന്നതാണ്. അതിൽനിന്ന് പുറത്തുപോവുകയോ തിരികെ വരികയോ ചെയ്യാം. വീടിനെ ചുറ്റിപ്പറ്റി അതിനോട് ഇണങ്ങി ജീവിക്കുകയും ചെയ്യാം. വീട്ടിലേക്ക് മോശം മാനസികാവസ്ഥയിൽ തിരിച്ചെത്തുന്ന ചെറുപ്പക്കാരനായ ഒരാൾക്ക് എന്തൊക്കെ ചെയ്യാനാവും എന്നതും അയാൾ ചെയ്യുന്നത് എങ്ങനെയാണ് സാർഥകമായി പരിവർത്തിക്കപ്പെടുന്നത് എന്നും കണ്ടിരുന്നുപോവുകയാണ് ലോങ് ടേക്സ് എന്ന സിനിമാനുഭവം. IEFFK-യുടെ ഏഴാംപതിപ്പിലെ വ്യത്യസ്തമായ ആനന്ദാനുഭവമായിരുന്നു ലോങ് ടേക്സ്.
ഡോൺ ആൻ്റണി കുഴമറിഞ്ഞതും വിഷാദം നിറഞ്ഞതുമായ മാനസികനിലയിലാണ് സ്വന്തം വീട്ടിലേക്ക് തിരികെ വരുന്നത്. മധ്യവയസ്സ് പിന്നിട്ട അപ്പനും അമ്മയുമാണ് അവിടെയുള്ളത്. ചുറ്റും റബർ മരങ്ങളുള്ള ഉയർന്ന ഒരു പ്രദേശത്തെ ഒറ്റപ്പെട്ട വീടാണത്. അയാൾ വീട്ടിലേക്ക് എത്തുന്നതോടെ മഴക്കാലവും എത്തുന്നു. ഒന്നും ചെയ്യാനാവാത്ത അവസ്ഥ. സിനിമക്കാരനാകാൻ കൊതിക്കുന്ന ഡോണിന് സ്വന്തം സ്മാർട്ട് ഫോണിൽ ചുറ്റുമുള്ളതെല്ലാം പകർത്തുക എന്ന ഒരു പരീക്ഷണം മാത്രമേ തോന്നിയുള്ളൂ. പുറത്തിറങ്ങാൻ അനുവദിക്കാതെ മഴ പെയ്യുന്നതിനാൽ അയാൾ വീട്ടകം ഷൂട്ട് ചെയ്യുന്നു. ക്യാമറയിൽ അമ്മയും അപ്പനും അവരുടെ ചൂടും സ്നേഹവുംപറ്റി കഴിഞ്ഞുകൂടുന്ന രണ്ട് പൂച്ചകളും ഒരു നായയുമെല്ലാം നടീനടന്മാരാകുന്നു. തുടർച്ചയായ ചിത്രീകരണമായതുകൊണ്ട് സംഭവിക്കുന്നതെല്ലാം സ്വാഭാവികമാകുന്നു, ടേക്കെല്ലാം ലോങ്ങാകുന്നു. ഒടുവിൽ ഷൂട്ട് ചെയ്ത പരശതം മണിക്കൂറുകളിൽനിന്ന് കുറച്ചുഭാഗം അയാൾ എഡിറ്റ് ചെയ്തെടുക്കുന്നു. അതാണ് അക്ഷരാർഥത്തിൽ പരിപൂർണപരീക്ഷണമായി മാറിയ ലോങ് ടേക്സ് എന്ന സിനിമ.