
94-ാം വയസ്സില്‍ വാറന്‍ ബഫറ്റ് റിട്ടയര്‍ ചെയ്യുന്നു; നിക്ഷേപ വിപണിയില്‍ ഞെട്ടല്‍; ലോകം ഇന്നേവരെ കണ്ട ഏറ്റവും പ്രഗത്ഭനായ നിക്ഷേപകന്റെ തീരുമാനം വര്ഷങ്ങളായി കാത്തിരുന്നത്
ഈ ജനുവരി ഒന്നിനു ശേഷം സ്വന്തം സമ്പത്ത് വര്‍ധിപ്പിച്ച ഏക ശതകോടീശ്വരന്‍ ബഫറ്റാണ്. 1,270 കോടി ഡോളര്‍ വര്‍ധനവാണ് അദ്ദേഹത്തിന് ഉണ്ടായത്. മറ്റ് 499 ശതകോടിപതികള്‍ക്ക് മൊത്തം 53,600 കോടി ഡോളര്‍ നഷ്ടം വന്ന സമയത്താണിത്. ഇലോണ്‍ മസ്‌കും ജെഫ് ബെസോസും സക്കര്‍ബര്‍ഗും ഒക്കെ പണം നഷ്ടമാക്കി. മസ്‌കിനു മാത്രം നഷ്ടം 13,000 കോടി ഡോളര്‍. 400 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ നിന്ന് 300 ബില്യണിന് താഴേക്കു നീങ്ങി. ഓഹരികള്‍ നല്ല ഉയരത്തിലായിരുന്ന കഴിഞ്ഞ വര്‍ഷം ബഫറ്റ് പല ഓഹരികളും വിറ്റ് പണമാക്കി. 30,000 കോടിയില്‍ പരം ഡോളര്‍ പലിശ കിട്ടാവുന്ന നിക്ഷേപങ്ങളിലേക്ക് മാറ്റി. ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ വന്ന നഷ്ടം പലിശവഴി നികത്തി. ഓഹരി നിക്ഷേപകര്‍ക്കുള്ള ബഫറ്റിന്റെ ഉപദേശങ്ങളില്‍ ഒന്ന് ശ്രദ്ധേയമാണ്. ”മറ്റുള്ളവര്‍ ആര്‍ത്തിപിടിച്ചു വാങ്ങിക്കൂട്ടുമ്പോള്‍ നിങ്ങള്‍ ഭയന്നുമാറി നില്‍ക്കുക. മറ്റുള്ളവര്‍ ഭയന്നു നില്‍ക്കുമ്പോള്‍ ആര്‍ത്തിയോടെ വാങ്ങിക്കൂട്ടുക.” അത് അദ്ദേഹം പ്രാവര്‍ത്തികമാക്കുകയാണ് ചെയ്തത്.
തന്റെ മരണശേഷം മള്‍ട്ടിനാഷണല്‍ കമ്പനിയായ ബെര്‍ക് ഷയര്‍ ഹാത്ത്വേയുടെ ശതകോടിക്കണക്കിനുള്ള ഓഹരികള്‍ കുടുംബവുമായി ബന്ധപ്പെട്ട നാല് ചാരിറ്റി ട്രസ്റ്റുകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു വാറന്‍ ബഫറ്റ്. പിന്നീട് ഇതു തിരുത്തുകയും ചെയ്തു. രണ്ടു കൊല്ലം മുമ്പ് കമ്പനിയുടെ വെബ്സൈറ്റിലുടെയാണ് ബഫറ്റ് പ്രഖ്യാപനം നടത്തിയത്. ‘2006ല്‍ ഞാനെടുത്ത പ്രതിജ്ഞയുടെ ഭാഗമായാണ് ഓഹരികള്‍ പങ്കുവെയ്ക്കുന്നത്. എന്റെ മരണംവരെ ഇതിന് മാറ്റമുണ്ടാകില്ല. 93-ാം വയസ്സിലും ഞാന്‍ സുഖമായിരിക്കുന്നു. എന്നാല്‍, അധിക സമയത്തിലാണ് ഞാന്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്ന പൂര്‍ണ ബോധം എനിക്കുണ്ട്’, ഓഹരി പങ്കാളികള്‍ക്ക് 2023 നവംബര്‍ 21-ന് നല്‍കിയ കത്തില്‍ ബഫറ്റ് പറയുന്നു. മൂന്നുമക്കളാണ് ഇപ്പോള്‍ സ്വത്തുക്കളുടെ നടത്തിപ്പുകാര്‍. തന്റെ 99 ശതമാനത്തിലധികം സ്വത്തുക്കളും നല്‍കുന്ന ചാരിറ്റി ട്രസ്റ്റിന്റെ രക്ഷാധികാരികളും അവരാണ്. 2006-ല്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വത്തുക്കള്‍ സംബന്ധിച്ച് മക്കള്‍ മൂന്നുപേരും ഒരുമിച്ച് തീരുമാനം എടുക്കണമെന്നും ബഫറ്റ് പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതില്‍ തിരുത്തല്‍ വന്നു. മരണാനന്തരം ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനിലേക്കുള്ള സംഭാവനകള്‍ തുടരില്ലെന്നും , തന്റെ മൂന്ന് മക്കള്‍ നിയന്ത്രിക്കുന്ന ഒരു പുതിയ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് തന്റെ സമ്പത്ത് അനുവദിക്കും എന്നും ബഫറ്റ് പറഞ്ഞു. വാറന്‍ ബഫറ്റിന്റെ ഓരോ മക്കള്‍ക്കും ഒരു ജീവകാരുണ്യ സംഘടനയുണ്ട്. എന്റെ മൂന്ന് മക്കളുടെ പ്രവര്‍ത്തനങ്ങള്‍ എനിക്ക് വളരെ നല്ലതായി തോന്നുന്നു, അവര്‍ കാര്യങ്ങള്‍ നന്നായി നിര്‍വഹിക്കുമെന്ന് എനിക്ക് നൂറുശതമാനം വിശ്വാസമുണ്ട് എന്നും വാറന്‍ ബഫറ്റ് പ്രതികരിച്ചത് ഇങ്ങനെയാണ്. ഈ പുതുതായി പ്രഖ്യാപിച്ച സംഭാവനകളെത്തുടര്‍ന്ന്, 207,963 ബെര്‍ക്ക്ഷയര്‍ ഹാത്ത്വേ ക്ലാസ് എ ഷെയറുകളും 2,586 ക്ലാസ് ബി ഓഹരികളും ബഫറ്റിന് സ്വന്തമായുണ്ട്, ഈ ഓഹരികളുടെ ആകെ മൂല്യം ഏകദേശം 128 ബില്യണ്‍ ഡോളറില്‍ അധികമാണ്. അമേരിക്കയിലെ പ്രശസ്തനായ ഒരു വ്യാപാരിയും ധന നിക്ഷേപകനും ലോകത്തിലെ സമ്പന്നരില്‍ ഒരാളുമാണ് വാറന്‍ ബഫറ്റ്. അമേരിക്കയിലെ നെബ്രാസ്‌കാ സംസ്ഥാനത്തിലെ ഒമാഹയില്‍ 1930 ആഗസ്റ്റ് 30-ന് ജനിച്ചു. ആദ്യം ഒരു സ്റ്റോക്ക് ബ്രോക്കറായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് രാഷ്ട്രീയക്കാരനായി. ചെറുപ്പം മുതല്‍ ബഫറ്റിന്റെ ആഗ്രഹം ഓഹരി വിപണിയില്‍ പങ്കാളിയാവുക എന്നായിരുന്നു.
തന്റെ പതിനൊന്നാം വയസ്സിലാണ് ആദ്യമായി ഓഹരിവാങ്ങുന്നത്. സിറ്റി സര്‍വ്വീസസ് എന്ന എണ്ണ കമ്പനിയുടെ മൂന്ന് ഓഹരികളാണ് 38 ഡോളര്‍ മുടക്കി അദ്ദേഹം വാങ്ങിയത്. പിന്നീട് അത് ഓഹരി രംഗത്തെ കരുത്തന്റെ വളര്‍ച്ചയായി മാറി.