
ഷാങ്ഹായ് ചലച്ചിത്ര മേളയിലേക്ക് ശിവരഞ്ജിനിയുടെ മലയാളചിത്രം ‘വിക്ടോറിയ’
ലോകത്തിലെ ശ്രദ്ധേയമായ ഷാങ്ഹായ് ചലച്ചിത്രമേളയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾക്കായുള്ള ഗോൾഡൻ ഗ്ലോബേറ്റ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക സിനിമയായി മലയാളചിത്രം വിക്ടോറിയ.
കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നിരൂപകപ്രശംസ നേടിയ, ശിവരഞ്ജിനി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം വിക്ടോറിയ 27-ാമത് ഷാങ്ഹായ് ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവെലാണ് ചൈനയിൽ നടക്കുന്ന ഷാങ്ഹായ് ചലച്ചിത്ര മേള. മേളയിലെ പ്രധാന മത്സര വിഭാഗമായ ഗോൾഡൻ ഗ്ലോബേറ്റിലേക്കാണ് വിക്ടോറിയ തെരഞ്ഞടുക്കപ്പെട്ടത്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾക്കായുള്ള ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ഏക സിനിമയാണ് വിക്ടോറിയ. ഓസ്കാർ ജേതാവായ ഇറ്റാലിയൻ സംവിധായകൻ ഗ്യൂസെപ്പെ ടൊർണാറ്റോർ അധ്യക്ഷനായ ജൂറിയാണ് വിക്ടോറിയയെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്.
2024 ഐ.എഫ്.എഫ്.കെയിൽ മലയാളം ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട സിനിമ മികച്ച മലയാളം സിനിമയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരവും നേടിയിരുന്നു. 2024-ൽ ഇന്ത്യയിലിറങ്ങിയ മികച്ച പത്ത് ചിത്രങ്ങളിലൊന്നായും ഫിപ്രസ്‌കി വിക്ടോറിയെ തെരഞ്ഞെടുത്തിരുന്നു. മതപരമായ യാഥാസ്ഥിതികത, സ്ത്രീ സ്വയംഭരണം, സാംസ്‌കാരിക സ്വത്വം തുടങ്ങി വിവിധ രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമ ഐ.എഫ്.എഫ്.കെ വേദിയിൽ നിന്നും നിരവധി നിരൂപകപ്രശംസ നേടിയിരുന്നു.