കോഴിക്കോട് മുഖ്യ ഖാസിസ്ഥാനാരോഹണം ഇന്ന്
കോഴിക്കോട് :ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ മുഖ്യഖാസിയായി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഇന്ന് സ്ഥാനമേൽക്കും. വൈകുന്നേരം 4.30 ന് മിശ്കാൽ പള്ളി അങ്കണത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മിശ്കാൽ പള്ളി ആക്ടിങ്ങ് പ്രസിഡണ്ട് പി.ഒ.ഹാഷിമിൻ്റെ അദ്ധ്യക്ഷത വഹിക്കും.
മേയർ ഒ. സദാശിവൻ മുഖ്യാതിഥിയാകും.
ഡോ മുഹമ്മദ് അബ്ദുൾ ഹഖീം അസ്ഹരി, കോഴിക്കോട് സാമൂതിരി രാജ കേരള വർമ്മ പി. കെ.എന്നിവർ സംബന്ധിക്കും.
പരമ്പരാഗത രീതിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘം ചെയർമാൻ സി.ബി.വി. സിദ്ധീഖും കൺവീനർ എം.വി.റംസി ഇസ്മായിലും മിശ്കാൽ പള്ളി സെക്രട്ടറി എൻ.ഉമ്മർകോയയും അറിയിച്ചു.
വൈകു.4 ന് കുറ്റിച്ചിറ പുളി ചുവട് ജംഗ്ഷനിൽ നിന്ന് നിയുക്ത ഖാസിയെ സ്ഥാനാരോഹണ ചടങ്ങ് നടക്കുന്ന മിശ്കാൽ പള്ളിയിലേക്ക് ഘോഷയാത്രയായി ആനയിക്കും. മുത്തു കുടയും ദഫ് മുട്ടും ഘോഷയാത്രക്ക് അകമ്പടിയേകും.
തുടർന്ന് മിശ്കാൽ പള്ളി അങ്കണത്തിൽ വെച്ച് സ്ഥാനാരോഹണ ചടങ്ങ് നടക്കും.
ഖാസി ചുമതല ഏറ്റെടുക്കുന്നതിൻ്റെ പ്രധാന ചടങ്ങായ ഖാസിയെ തലപ്പാവ് അണിയിക്കൽ മിശ്കാൽ പള്ളി ആക്ടിങ് പ്രസിഡണ്ട് പി.ഒ.ഹാഷിം നിർവ്വഹിക്കും. സ്വാഗതസംഘം ചെയർമാൻ സി.ബി.വി. സിദ്ധീഖ് ഔദ്യോഗിക വസ്‌ത്രം കൈമാറും,തുടർന്നു പ്രഖ്യാപനമായി തമ്പേർ മുഴക്കും.
ചടങ്ങിൻ്റെ ഭാഗമായി കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ടെ ഖാസിമാരുടെ പൂർവ്വ കാല ചരിത്രം രേഖപ്പെടുത്തുന്ന പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
ഖാസി ഫക്രുദ്ധിനിൽ ആരംഭിച്ച് ഈ പരമ്പരയിലെ 23 ആംമത്തെ ഖാസിയാണ് ജമലുല്ലൈലി. 2009 ന് ശേഷം 17 വർഷം പിന്നിട്ട ശേഷമാണ് ഇത്തരം ഒരു ചടങ്ങ് മിശ്കാൽ പള്ളിയിൽ സംഘടിപ്പിക്കുന്നത്.