കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജിന്റെ നാക് ‘എ‘ ഗ്രേഡ് അംഗീകാര സർട്ടിഫിക്കറ്റ് മന്ത്രി എ.കെ. ശശീന്ദ്രൻ കോളേജിന് കൈമാറി
മുക്കം: നാഷണൽ അസസ്മെന്റ് ആൻഡ് അക്ക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഗ്രേഡിങ്ങിൽ എ ഗ്രേഡ് കൈവരിച്ച കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജിന്റെ നാക് അംഗീകാര സർട്ടിഫിക്കറ്റ് ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കൈമാറി. ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻന്റെ ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ വിശ്ഷ്ടാതിഥിയായി.
നാക് അക്ക്രഡിറ്റേഷനിൽ എ ഗ്രേഡ് ലഭിക്കുന്ന കേരളത്തിലെ ഏക ആയുർവേദ മെഡിക്കൽ കോളേജാണ് കെ.എം.സി.ടി. ആയുർവേദ മെഡിക്കൽ കോളേജ്. മെച്ചപ്പെട്ട അക്കാദമിക നിലവാരത്തിനൊപ്പം നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള അധ്യാപന രീതി, ഗവേഷണ പ്രവർത്തനങ്ങൾ, വിദ്യാർത്ഥി സൗഹൃദ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, കലാ–കായിക രംഗത്തെ മികവ് തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോളേജ് ഈ അംഗീകാരത്തിന് അർഹമായത്. കൂടാതെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, വിദ്യാർത്ഥി നേതൃത്വത്തിലുള്ള പദ്ധതികൾ, പ്രായോഗിക പരിശീലനം എന്നിവയിലും കെ.കോളേജ് മുഖ്യപങ്ക് വഹിച്ചു വരുന്നു. പുൽപറമ്പ് എൻ.സി. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തു അധ്യക്ഷനായി. കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. നവാസ് കെ.എം., കോളേജ് പ്രിൻസിപ്പാൾ ഡോ. ശുഭശ്രീ ജി. എച്. എന്നിവർ പ്രസംഗിച്ചു. കോളേജിന് നാക് അംഗീകാരം ലഭിക്കുന്നതിൽ മുഖ്യ പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ കൈമാറി. ഐ. ക്യു. എ. സി. കോർഡിനേറ്റർ ഡോ. സരുൺ മോഹൻ നന്ദി പറഞ്ഞു.