വടകര റവന്യു ടവവിന് സാങ്കേതിക അനുമതി ലഭിച്ചതായി കെ.കെ രമ എം.എൽ.എ
വടകര: വടകര താലൂക്കിലെ ജനങ്ങളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. വടകരയിലെ റവന്യു ടവറിന് 26 കോടിയുടെ സാങ്കേതിക അനുമതി ലഭിച്ചുവെന്ന് എം.എൽ.എ അറിയിച്ചു. പതിറ്റാണ്ടുകളായി വടകരയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതായിരുന്നു വടകരയിലെ റവന്യു ടവർ. 2021 ഡിസംബർ 17ന് താലൂക്ക് ഓഫിസിന് തീപിടിച്ച് കത്തി നശിച്ചതിനു ശേഷം റവന്യു മന്ത്രി കെ.രാജൻ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് റവന്യു ടവറിൻ്റെ പ്രപ്പോസൽ മന്ത്രിക്ക് സമർപ്പിക്കുകയും പിന്നീട് വിവിധ വകുപ്പുകളുമായി ഇക്കാര്യത്തിൽ ഫയൽ നീക്കം നടത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 25,78,24,778 രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത്. ഇനി റവന്യു ടവറിൻ്റെ ടെണ്ടർ നടപടികളിലേക്ക് കടന്ന് എത്രയും വേഗം പണി പൂർത്തിയാക്കുവാനുള്ള നടപടികൾ പൂർത്തിയാക്കുമെന്ന് എം.എൽ.എ അറിയിച്ചു.