ഗ്ളോബൽ എൻ. ആർ. ഐ സമ്മിറ്റ് ഒക്ടോബർ 25 ന് മുംബൈയിൽ ; ശൈഖ് സാഇദ് അവാർഡ് കെ. വി. അബ്ദുൾ നാസറിന് ; പി. എസ്. ശ്രീധരൻ പിള്ളക്ക് ആദരം
കോഴിക്കോട് : യു.എ ഇ ശിൽപിയും ആദ്യ പ്രസിഡൻ്റുമായിരുന്ന ശൈഖ് സാഇദ് ബിൻ സുൽത്താൻ അൽ നഹ് യാൻ്റെ ഓർമക്കായി ഇൻഡോ -അറബ് കോൺഫെഡറേഷൻ കൗൺസിൽ നൽകിവരുന്ന ശൈഖ് സാഇദ് ഇൻ്റർനാഷണൽ അവാർഡിന് അക്ബർ ട്രാവൽസ് ചെയർമാൻ കെ.വി. അബ്ദുൾ നാസറിനെ തെരഞ്ഞെടുത്തായി ഇൻഡോ – അറബ് കോൺഫെഡറേഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗൾഫിലേക്കുള്ള വ്യോമയാന മേഖലയിൽ ഇന്ത്യയിൽ നിന്ന് അധികം സൗകര്യങ്ങളില്ലാത്ത കാലത്ത് പ്രവാസികൾക്കായി ഒട്ടേറെ നൂതന സൗകര്യങ്ങളും മറ്റും കൊണ്ടുവന്ന തടക്കമുള്ള ഇദ്ദേഹത്തിൻ്റെ സേവനങ്ങൾ പരിഗണിച്ചാണ് 2024 വർഷത്തെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് ആദ്യമായി ഹജ്ജ് – ഉംറ സേവനങ്ങൾ സ്വകാര്യ മേഖലയിൽ തുടക്കം കുറിച്ച് ട്രാവൽ രംഗത്ത് ഒരു പുതിയ വഴി വെട്ടിയതടക്കമുള്ള കാര്യങ്ങളും ഇദ്ദേഹത്തെ തെരഞ്ഞെടുക്കാൻ കാരണമായതായി ഭാരവാഹികൾ പറഞ്ഞു. മുൻ വർഷങ്ങളിൽ എം. എ. യൂസുഫലി, ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർക്കാണ് ശൈഖ് സാഇദ് അവാർഡ് ലഭിച്ചത്. ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിലിൻ്റെ വിവിധ ചാപ്റ്ററുകളിൽ നിന്ന് ലഭിക്കുന്ന നാമനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രമുഖ ചെറുകഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തും കടവ് ചെയർമാനും അഡ്വ. പി.ആർ. രാജ്കുമാർ (മുംബൈ), പത്രപ്രവർത്തകരായ കമാൽ വരദൂർ , ഏ.വി. ഫർദിസ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് കെ.വി. അബ്ദുൾ നാസറിനെ തെരെഞ്ഞെടുത്തത്. വിവിധ ഭാഷകളിലായി ഏറ്റവും കൂടുതൽ പുസ്തകങ്ങൾ രചിച്ച് പൊതു പ്രവർത്തന രംഗത്ത് വേറിട്ട വ്യക്തിത്വമായി മാറിയ മുൻ ഗോവാ – മിസോറാം ഗവർണർ പി. എസ്. ശ്രീധരൻ പിള്ളയെ ചടങ്ങിൽ ഇൻഡോ – അറബ് മഹാരാഷ്ട്ര ചാപ്റ്ററിൻ്റെ അക്ഷര ശ്രീ പുരസ്ക്കാരം നല്കി ആദരിക്കും. 25 ന് ശനിയാഴ്ച വൈകീട്ട് 6.30 ന് മുംബൈ താനെ വെസ്റ്റിലെ ആർ. നെസ്റ്റ് ഹാളിൽ നടക്കുന്ന ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ താനെ ചാപ്റ്റർ ഉദ്ഘാടനം ഗ്ളോബൽ എൻ. ആർ. ഐ സമ്മിറ്റിൽ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അവാർഡ് വിതരണവും ആദരവും നടത്തും. മഹാരാഷ്ട്ര ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് ഷർ നായിക്, ബിജെപി സംസ്ഥാന പ്രസിഡണ്ട് രവീന്ദ്ര ചവാൻ , താനെ എംപി നരേഷ് മാഷാക്ക്, കല്യാൺ എംപി ശ്രീനാഥ് ഏകനാഥ് ഷിൻഡേ , താനെ എംഎൽഎ സഞ്ജയ് കേൽക്കർ, എം ആർ സി സി വൈസ് പ്രസിഡൻറ് കുമാർനായർ, ഐ. എ. സി. സി മുംബൈ ചാപ്റ്റർ പ്രസിഡൻ്റ് ഭൂപേഷ് ബാബു, ജനറൽ സെക്രട്ടറി കൃഷ്ണനുണ്ണി മേനോൻ, ശ്രീകണ്ഠൻ നായർ, ഇൻഡോ – അറബ് സെക്രട്ടറി അറ്റക്കോയ പള്ളിക്കണ്ടി എന്നിവരും ചടങ്ങിൽ സംസാരിക്കും. എമിറേറ്റ്സ്, വിവിധ ഗൾഫ് , യൂറോപ്യൻ രാജ്യങ്ങളിലെ ഇൻഡോ-അറബ് ചാപ്റ്റർ ഭാരവാഹികളും ചടങ്ങിനെത്തും. വാർത്താ സമ്മേളനത്തിൽ ഇൻഡോ – അറബ് കോൺഫെഡറേഷൻ കൗൺസിൽ പ്രസിഡൻ്റ് എം. വി. കുഞ്ഞാമു , കോ- ഓർഡിനേറ്റർ കോയട്ടി മാളിയേക്കൽ, ജൂറി കമ്മിറ്റിയംഗം എ. വി. ഫർദിസ് എന്നിവർ പങ്കെടുത്തു.
