സജിത വധക്കേസ്; പ്രതി ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷി നാടുവിട്ടു
പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരയെ ഭയന്ന് പ്രധാന സാക്ഷി നാടുവിട്ടു. കേസിലെ നിര്‍ണായക സാക്ഷിയായ പോത്തുണ്ടി സ്വദേശി പുഷ്പയാണ് തമിഴ്നാട്ടിലേക്ക് നാട് വിട്ടിരിക്കുന്നത്. അതുപോലെ സജിത വധക്കേസിൽ കോടതി ഇന്ന് വിധി പറയും. പുഷ്പയുടെ മൊഴിയാണ് കേസ് അന്വേഷണത്തിൽ നിര്‍ണായകമായത് . സജിതയുടെ വീട്ടിൽ നിന്ന് കൊലയ്ക്കുശേഷം ചെന്താമര വരുന്നത് പുഷ്പയാണ് കണ്ടത്. ഇതുസംബന്ധിച്ച് പുഷ്പ പൊലീസിന് മൊഴിയും നൽകി. ഇതിന്‍റെ വൈരാഗ്യത്തിൽ പുഷ്പയെ കൊല്ലുമെന്ന് ചെന്താമര പലവട്ടം ഭീഷണി മുഴക്കുകയും ചെയ്തു. അതേസമയം, ശിക്ഷാവിധി വരാനിരിക്കെ ചെന്താമരയ്ക്ക് പരാമവധി ശിക്ഷ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ സജിതയുടെയും സുധാകരന്‍റെ മക്കള്‍ പറഞ്ഞു. ചെന്താമര ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് പോലും ഭീഷണിയുണ്ടെന്നും അതുല്യയും അഖിലയും പറഞ്ഞു. അയാൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞങ്ങള്‍ക്ക് പേടിയാണ്. അയാളെ പെട്ടെന്ന് തന്നെ തൂക്കിലേറ്റണം. ഞങ്ങള്‍ എങ്ങോട്ടാണ് ഇനി ഓടി ഒളിക്കേണ്ടതെന്നും സജിതയും അഖിലയും ചോദിച്ചു.
ചെന്താമര പ്രതിയായ നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് ഇന്ന് വിധി പറയുക. പ്രതി ഈ കേസിൽ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയത് കേരളത്തെ ഞെട്ടിച്ചു. പിന്നാലെയാണ് ആറു വർഷങ്ങൾക്കു ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്.