ആകാശ യാത്രയെന്ന സ്വപ്നം യാഥാർഥ്യമാക്കി ഒളവണ്ണയിലെ ഹരിത കർമസേനാംഗങ്ങൾ ✈️
കോഴിക്കോട്:
സ്വപ്നങ്ങൾക്കും ചിറകുകൾ ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങൾ. മാലിന്യ സംസ്‌കരണ രംഗത്ത് സമർപ്പിത സേവനം നടത്തുന്ന ഈ സേനാംഗങ്ങൾക്കായി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആകാശയാത്ര, ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമായി.
കോഴിക്കോട് കരിപ്പൂരിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിലൂടെയായിരുന്നു ഈ യാത്ര. കൊച്ചിയിലെ മനോഹര കാഴ്ചകൾ ആസ്വദിച്ച് ബസിലൂടെയാണ് സംഘം പിന്നീട് തിരികെ എത്തിയത്. 40 ഹരിത കർമ സേനാംഗങ്ങളാണ് ഈ യാത്രയിൽ പങ്കെടുത്തത്.
സാധാരണ തൊഴിലാളികളുടെ വിമാനയാത്രയെന്ന ജീവിത സ്വപ്നം യാഥാർഥ്യമാക്കിയത് ഒളവണ്ണ ഗ്രാമപഞ്ചായത്തിൻ്റെ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്നുള്ള സംയുക്ത ശ്രമഫലമായിരുന്നു. ഭരണസമിതിയും ജീവനക്കാരും ഒരേ മനസോടെ പച്ചക്കൊടി കാട്ടിയതോടെ, ആ സ്വപ്നം സഫലമായി.
കൊച്ചിയിൽ മെട്രോ റെയിൽ, വാട്ടർ മെട്രോ എന്നിവയിലൂടെയും ഹിൽ പാലസ്, മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സംഘം സന്ദർശനം നടത്തി.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. ശാരുതി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബാബുരാജൻ പി., സിന്ധു എം,മെമ്പർ ജയദേവൻ വി, ഹെൽത്ത് ഇൻസ്‌പെക്ടർ ഫസ്ന എന്നിവർ ഹരിത കർമസേനാംഗങ്ങൾക്കൊപ്പം പങ്കാളികളായി, എല്ലാ സംവിധാനങ്ങളും ഉറപ്പാക്കി.
മാലിന്യ സംസ്കരണ മേഖലയിൽ ബ്ലോക്ക്, ജില്ലാ തലങ്ങളിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ മറ്റൊരു ജനപങ്കാളിത്ത മാതൃകയെന്ന നിലയിലാണ് ഈ യാത്ര വിലയിരുത്തപ്പെടുന്നത്.
മുമ്പ് വയോജനങ്ങൾക്കായി വാർഡ് തലത്തിൽ വിമാനയാത്ര സംഘടിപ്പിച്ച അനുഭവം ഉണ്ടായിരുന്ന ഒളവണ്ണ, ഇപ്പോൾ ഹരിത കർമസേനാംഗങ്ങൾക്കും ആകാശയാത്രയുടെ സന്തോഷം പകരുകയാണ്.