കേരള എൻവയോൺമെന്റൽ ഫെസ്റ്റ് ഒരുങ്ങി ; ഒക്ടോ. 9 നും 10 നും ടൗൺഹാളിൽ
കോഴിക്കോട്: ‘ഗുരുവിനെ പകരാം, പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 9,10 തീയതികളിൽ ടൗൺഹാളിൽ നടക്കുന്ന ‘കേരള എൻവയോൺമെന്റൽ ഫെസ്റ്റിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടാകർ അറിയിച്ചു. ഓരോ മണിക്കൂർ ദൈർഘ്യമുള്ള 11 സെഷനുകൾ, ഉദ്ഘാടന സമ്മേളനം, സമാപന സമ്മേളനം, വിനോദ പരിപാടികൾ, പ്രദർശനങ്ങൾ തുടങ്ങിയവ ഉണ്ടാകും. മേധാ പട്ക്കർ ഉൾപ്പെടെ കേരളത്തിനകത്തും പുറത്തുമുള്ള പരിസ്ഥിതി രംഗത്തെ പ്രമുഖർ ഫെസ്റ്റിൽ എത്തിച്ചേരും. ഫെസ്റ്റിന്റെ വിജയത്തിനായി അഹമ്മദ് ദേവർകോവിൽ എംഎൽഎ ചെയർമാൻ ആയ സ്വാഗതസംഘ കമ്മിറ്റിക്ക് കീഴിൽ 16 ഉപസമിതികൾ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി പ്രവർത്തകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ ഇവരാണ് ഫെസ്റ്റിൽ പങ്കെടുക്കാൻ കൂടുതലും റജിസ്റ്റർ ചെയ്തിരിക്കുന്നത്. റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്നവർക്ക് ഓരോ ദിവസവും മൂന്നുനേരം ഭക്ഷണം, പ്രകൃതി സൗഹൃദ സാമഗ്രികൾ ഉൾക്കൊള്ളുന്ന കിറ്റ്, സർട്ടിഫിക്കറ്റ് ഇവ നൽകുന്നുണ്ട്. മില്ലറ്റ് ഭക്ഷണമാണ് നൽകുക. ട്രീബ്യൂട്ട് ബൈ സ്റ്റോറിസ്, ഗ്രീൻ വേംസ് തുടങ്ങി വിവിധ സംഘടനകൾ ഫെസ്റ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാൻ 85471 54282 എന്ന നമ്പറിൽ ബന്ധപ്പെടണം. പൂർണ്ണമായും പ്രകൃതി സൗഹൃദ രീതിയിലാണ് ഫസ്റ്റ് നടത്തുക. ഫെസ്റ്റിന്റെ പ്രചരണാർത്ഥം ലോകത്തിൻറെ വിവിധ പ്രദേശങ്ങളിൽ വൃക്ഷത്തൈ നടൽ, ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിൽ പരിസ്ഥിതി ചിത്രരചന ക്യാമ്പ്, ഫ്ലാഷ് മോബുകൾ, പരിസ്ഥിതി ഗാനമേള തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്ക് താമസസൗകര്യം വേണമെങ്കിൽ ഒരുക്കുമെന്ന് സംഘാടകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ വടയക്കണ്ടി നാരായണൻ, കോഡിനേറ്റർമാരായ സെഡ് എ സൽമാൻ, മണലിൽ മോഹനൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആർ ജയന്ത്കുമാർ, മീഡിയ കമ്മിറ്റി ചെയർമാൻ ഇ പി മുഹമ്മദ്, കൺവീനർ സന്ധ്യ കരണ്ടോട്, പ്രോഗ്രാം കൺവീനർ സരസ്വതി ബിജു തുടങ്ങിയവർ പങ്കെടുത്തു.
