എരഞ്ഞോണ അബ്ദുൽ കരീം വധക്കേസ് :അഡ്വ. കെ. എം രാംദാസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
താമരശ്ശേരി: പോലീസ് സ്റ്റേഷൻ പരിധിയിൽ എരഞ്ഞോണ അബ്ദുൽ കരീം കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. കെ.എം രാംദാസിനെ നിയമിച്ചുകൊണ്ട് വിജ്ഞാപനമായി. 2013 സെപ്റ്റംബർ 28 ന് ഭാര്യ മൈമൂനയും മക്കളായ മിഥിലാജ്, ഫിർദൗസ് എന്നിവരും ചേർന്ന് സ്വത്ത് നഷ്ടപ്പെടുമെന്ന ഭയപ്പാടിൽ പ്രവാസി വ്യവസായിയായിരുന്ന അബ്ദുൽ കരീമിനെ കൊല ചെയ്യുകയായിരുന്നു എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് കണ്ടെത്തിയത്. അബ്ദുൽ കരീമിന്റെ തിരോധാനം സംബന്ധിച്ച് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസിന് പ്രതികളെ കണ്ടെത്താനോ ദുരൂഹത നീക്കുന്നതിനോ സാധിക്കാതെ വന്ന സാഹചര്യത്തിൽ മാതാവായ ഖദീജ ഉമ്മയുടെ അപേക്ഷ പ്രകാരം കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്നാണ് ഭാര്യയും മക്കളും ചേർന്ന് നടത്തിയ ക്രൂരകൃത്യത്തിന്റെ ഉള്ളറകൾ തെളിഞ്ഞുവന്നത്.
കേസിലെ ഒന്നും രണ്ടും പ്രതികളായ മിഥിലാജ്, ഫിർദൗസ് എന്നിവരുടെ കുറ്റസമ്മത മൊഴി പ്രകാരം അബ്ദുൽ കരീമിന്റെ ശവശരീരം ഒഴുക്കിക്കളഞ്ഞു എന്ന് പറഞ്ഞ കർണാടകയിലെ കബനി കനാലിൽ തെരച്ചിൽ നടത്തുകയും അബ്ദുൽ കരീമിന്റെ ശാരീരിക അളവുകളോട് സാമ്യമുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിൽ നടത്തിയ ഡി.എൻ.എ ടെസ്റ്റിൽ ആയത് അബ്ദുൽ കരീമിന്റേതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. കൊല ചെയ്യുന്നതിന് മുന്നോടിയായി അബ്ദുൽ കരീമിനെ മയക്കാൻ ക്ലോറോഫോം വാങ്ങി നൽകിയ സൈഫുദ്ദീൻ മകൻ റഫീഖ് ഉൾപ്പെടെ 5 പ്രതികളുള്ള കേസിൽ റിമാൻഡിലായിരുന്ന പ്രതികൾക്ക് കുറ്റപത്രം നൽകുന്നത് വൈകിയതിനാൽ വ്യവസ്ഥകളോടെ കോടതി ജാമ്യം നൽകിയിരുന്നു.
ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് അന്വേഷണം നടത്തുന്ന പ്രസ്തുത കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെ കോഴിക്കോട് സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കും. പ്രമുഖ ക്രിമിനൽ അഭിഭാഷകനായ അഡ്വ. കെ.എം രാംദാസിനെ ഈ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അബ്ദുൽ കരീമിന്റെ മാതാവ് ഖദീജ ഉമ്മ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്വ. കെ.എം രാംദാസിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനമുണ്ടായത്. രണ്ട് പതിറ്റാണ്ടിലേറെക്കാലം കുവൈത്തിൽ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും നടത്തിവന്ന അബ്ദുൽ കരീമിന്റെ കൊലപാതകം പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്കും മാധ്യമ വാർത്തകൾക്കും ഇടയാക്കിയിരുന്നു. നീണ്ട 13 വർഷങ്ങൾക്ക് ശേഷം കേസിന്റെ വിചാരണ ആരംഭിക്കുന്ന ഘട്ടത്തിൽ സ്വത്തിന് വേണ്ടി പിതാവിനെ കൊല ചെയ്ത മക്കളുടെയും ഭാര്യയുടെയും ക്രൂരത സംബന്ധിച്ച ചർച്ചകൾക്കാണ് വീണ്ടും തുടക്കമാകുന്നത്.