
സ്ത്രീധനം കുറഞ്ഞുപോയി; സൈനികനായ ഭര്‍ത്താവ് ഗര്‍ഭിണിയുടെ അടിവയറ്റില്‍ ചവിട്ടിയതായി പരാതി
കൊല്ലം : ഓച്ചിറയ്ക്കടുത്ത് സ്ത്രീധനത്തിൻ്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. അഴീക്കല്‍ സ്വദേശി അക്ഷയയ്ക്കാണ് മര്‍ദനമേറ്റിരിക്കുന്നത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവ് അടിവയറ്റില്‍ ചവിട്ടിയെന്നും യുവതി പറയുന്നു.
എട്ട് മാസം മുന്‍പാണ് അക്ഷയയുടെ വിവാഹം നടന്നത്. 28 പവന്‍ സ്വര്‍ണവും 11 ലക്ഷം രൂപയുമാണ് വിവാഹത്തോട് അനുബന്ധിച്ച് വീട്ടുകാര്‍ വരന് നല്‍കിയത്. നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്നതിന്റെ പേരില്‍ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ മുതല്‍ താന്‍ ഭര്‍തൃവീട്ടില്‍ മാനസിക, ശാരീരിക പീഡനങ്ങള്‍ സഹിക്കുകയാണെന്നാണ് യുവതി പറയുന്നു.
തെറ്റായ കത്തിയെടുത്ത് മീന്‍മുറിച്ചു, വീട്ടുവളപ്പില്‍ നിന്ന് പൂപറിച്ചു, ചൂല് ചാരിവച്ചു തുടങ്ങിയ നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഭര്‍തൃവീട്ടുകാര്‍ തന്നെ വല്ലാതെ പീഡിപ്പിക്കുന്നുവെന്നാണ് യുവതി പറയുന്നത്. ഗര്‍ഭിണിയാണെന്ന് കൂടി സ്ഥിരീകരിച്ചതോടെ ഉപദ്രവം കൂടി. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും തന്നെക്കുറിച്ച് പല കള്ളങ്ങളും ഭര്‍ത്താവിനോട് പറഞ്ഞുകൊടുക്കുമെന്നും ഇത് കേട്ട് ഭര്‍ത്താവ് തന്നെ മര്‍ദിക്കുമെന്നും യുവതി പറയുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ വയറ്റില്‍ ചവിട്ടാന്‍ ഉള്‍പ്പെടെ നിര്‍ദേശിച്ചത് ഭര്‍തൃമാതാവാണന്നാണ് അക്ഷയ ആരോപിക്കുന്നു. അക്ഷയയ്ക്ക് മര്‍ദനമേറ്റതായി ഡോക്ടര്‍മാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഓച്ചിറ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.