
മലപ്പുറത്ത് വൻ ആയുധ വേട്ട ; വീട്ടുടമസ്ഥൻ അറസറ്റിൽ
മലപ്പുറം:വൻ ആയുധ വേട്ട. വീട്ടുടമസ്ഥൻ അറസറ്റിൽ. ഉണ്ണികമ്മദ് (67) ആണ് അറസ്റ്റിലായിരിക്കുന്നത്. ഇടവണ്ണയിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒരു വീട്ടിൽ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200-ൽ അധികം വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്സുകളും ആണ് കണ്ടെത്തിയിരിക്കുന്നത്.
ഇടവണ്ണയിലെ വീട്ടിലാണ് ഇയാൾ തോക്കുകളും വെടിയുണ്ടകളും സൂക്ഷിച്ചിരുന്നത്. വില്പനയും ഉണ്ടായിരുന്നു. അതുപോലെ രണ്ടു തോക്കുകളും 100 തിരകളും കൈവശം വയ്ക്കുന്നതിനുള്ള ലൈസന്‍സ് ഇയാള്‍ക്കുണ്ട്. അനധികൃതമായി സൂക്ഷിച്ച തോക്കുകളും വെടിയുണ്ടകളുമാണ് പൊലീസ് കണ്ടെത്തിയത്.
തോക്കുകള്‍ എത്ര തവണ ഉപയോഗിച്ചു, തിരകളുടെ വിവരങ്ങള്‍ എന്നിവ അറിയാന്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയയ്ക്കും. തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കാണ് കോടതിയുടെ സാക്ഷ്യത്തോടെയാണ് ഇവ അയയ്ക്കുക.
കോടതിയില്‍ ഹാജരാക്കിയ പ്രതി ഉണ്ണിക്കമ്മദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാള്‍ നിരവധി പേര്‍ക്ക് തോക്കുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. എയര്‍ ഗണ്ണുകള്‍ വില്പന നടത്താനുള്ള അനുമതിക്കായി ജില്ലാ കലക്ടര്‍ക്ക് ഉണ്ണികമ്മദ് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. വീടിനോട് ചേര്‍ന്ന് ഒരു ഷോപ്പ് പോലെയാണ് എയര്‍ഗണ്‍ വില്‍പ്പന എന്നാണ് നിഗമനം. പാലക്കാട് യുവാക്കളില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയതിന് തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് എടവണ്ണയിലെ ആയുധ ശേഖരം പിടികൂടുന്നതിലേയ്ക്ക് എത്തിയത്. ഈ യുവാക്കള്‍ക്ക് വെടിയുണ്ട വിറ്റത് ഉണ്ണിക്കമ്മദാണ്.