
കേസരി ഭവൻ നവരാത്രി സർഗോത്സവം 20ന് ; സർഗ്ഗ പ്രതിഭാ പുരസ്‌കാരം മധു ബാലകൃഷ്ണന്
കോഴിക്കോട്: കേസരി ഭവൻ നവരാത്രി സർഗോത്സവം സപ്തബർ 20ന് ആരംഭിക്കും. വൈകിട്ട് 5 30ന് കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ അർച്ചകൻ സുബ്രമണ്യ അഡിഗകളുടെ കാർമ്മികത്വത്തിൽ നടക്കുന്ന മഹാ സാരസ്വത പൂജയോടെ ആരംഭിക്കുന്ന പരിപാടി 22 ന് വൈകിട്ട് 5.30ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ചലച്ചിത്രനടി വിധു ബാല, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ പ്രമുഖ കലാകാരന്മാരായ എലൂർ ബിജു, ഡോ.ആർഎൽവി രാമ കൃഷ്ണൻ, ഗായത്രി മധുസൂദനൻ, മനു രാജ് തിരുവനന്തപുരം, പട്ടാഭിരാമ പണ്ഡിറ്റ്, ഡോ.പ്രശാന്ത് വർമ്മ, ഭരദ്വാജ് സുബ്രഹ്മണ്യം, കെ.വി.എസ് ബാബു തുടങ്ങിയവർ പങ്കെടുക്കും.
യോഗ ശിബിരം, സാധനാ ശിബിരം, വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ, ഫിലിം ഫെസ്റ്റിവൽ എന്നിങ്ങനെ നിരവധി പരിപാടികൾ സർഗ്ഗോത്സവത്തോടനുബന്ധിച്ച് നടത്തും. കൂടാതെ ഈ വർഷത്തെ നവരാത്രി സർഗ്ഗ പ്രതിഭാ പുരസ്‌കാരം സപ്‌തംബർ 29 വൈകിട്ട് 5.30ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്‌ണന് സമ്മാനിക്കും.
ഒക്ടോബർ 2 ന് രാവിലെ 7.30 മുതൽ സരസ്വതീ മണ്ഡപത്തിൽ കുട്ടികൾക്ക് അക്ഷര ദീക്ഷയും (വിദ്യാരംഭം) ചിത്രകല, നൃത്ത വിദ്യാരംഭവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . വാർത്താ സമ്മേളനത്തിൽ നവരാത്രി സർഗ്ഗോത്സവ സമിതി ജനറൽ കൺവീനർ എം.രാജീവ്, മുഖ്യ പത്രാധിപർ ഡോ.എൻ.ആർ മധു കേസരി , മാതൃസമിതി അദ്ധ്യക്ഷ സുജാത ജയഭാനു എന്നിവർ പങ്കെടുത്തു.