
കളറാകും കോഴിക്കോട്ടെ ഓണാഘോഷം;മാവേലിയെ വരവേൽക്കാൻ ഒരുങ്ങി”മാവേലിക്കസ് 2025″
കോഴിക്കോട് : കേരള സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇത്തവണത്തെ ഓണാഘോഷം ‘മാവേലിക്കസ് 2025’ വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിക്കുന്നത്. ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് ഓഗസ്റ്റ് 31ന് തുടക്കമാകും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് മാവേലിക്കസ് 2025 സംഘടിപ്പിക്കുന്നത്. മാവേലിക്കസ് ആപ്പിലൂടെ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളുടെയും പരിപാടികളുടെയും മുഴുവന്‍ വിവരങ്ങളും ലഭ്യമാണ്.
നൂറോളം വേദികളില്‍ പൂക്കളമത്സരം നഗരം ദീപാലംകൃതമാക്കും
പൂക്കള മത്സരത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ജില്ലയില്‍ കോപ്പറേഷന്‍ പരിധിയില്‍ നൂറോളം വേദികളായാണ് ഓഗസ്റ്റ് 31-ന് സംഘടിപ്പിക്കുന്ന പൂക്കള മത്സരത്തിനായി കണ്ടെത്തിയിട്ടുള്ളത്. പൂക്കള മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് നല്‍കുന്നതായിരിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി നഗരം മികച്ച രീതിയില്‍ ദീപാലംകൃതമാക്കും. ഏറെ പുതുമകളോടെയും വ്യത്യസ്തവുമായ രീതിയിലുള്ള ദീപാലങ്കാരമാണ് ഇലുമിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത് വരുന്നത്.
ഒമ്പത് വേദികള്‍ 50-ഓളം കലാകാരര്‍
ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒന്‍പതു വേദികളിലായി (കോഴിക്കോട് ബീച്ച്, ലുലു മാള്‍, ബട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ഹാള്‍, ബേപ്പൂര്‍, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്)കേരളത്തിനകത്തും പുറത്തും നിന്നുമായി 50-ഓളം കലാകാരര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. കോഴിക്കോട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്, ലുലു മാള്‍ പാര്‍ക്കിംഗ് സ്ഥലം എന്നിവ പ്രധാനവേദികളാകും.
തിളങ്ങും താരനിര
സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് ശക്തിശ്രീ ഗോപാലന്‍, രണ്ടിന് കെ.എസ്. ചിത്ര, മൂന്നിന് ഹനാന്‍ ഷാ, നാലിന് റാഫ്താര്‍, അഞ്ചിന് ജൊനീറ്റ ഗാന്ധി, ആറിന് സിദ് ശ്രീറാം, ഏഴിന് എം ജയചന്ദ്രന്‍, ശിവമണി, നരേഷ് അയ്യര്‍, സിതാര കൃഷ്ണകുമാര്‍, ഹരിശങ്കര്‍, ജ്യോത്സ്‌ന എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടികള്‍ അരങ്ങേറും.
കോഴിക്കോട് ബീച്ചില്‍ സെപ്റ്റംബര്‍ ഒന്നിന് രാജസ്ഥാനി നാടോടി ബാന്‍ഡായ മംഗാനിയാര്‍ സെഡഷന്‍, രണ്ടിന് ആല്‍മരം, മൂന്നിന് നവ്യ നായര്‍, നാലിന് കവ്വാലി ബ്രദേഴ്‌സ്, അഞ്ചിന് ഇറ്റലിയില്‍ നിന്നുള്ള ക്യൂബോ, , ആറിന് ക്യൂബോ കൂടാതെ പാരീസ് ലക്ഷ്മി, ഏഴിന് ഷാന്‍ റഹ്മാന്‍ ഷോ എന്നിവയാണ് സംഘടിപ്പിക്കുന്നത്.
ബേപ്പൂര്‍ ബീച്ചില്‍ ഒന്നിന് ജോബ് കുര്യന്‍, രണ്ടിന് ശ്രീനിവാസ്, മൂന്നിന് ആശാ ശരത്, നാലിന് ശങ്ക ട്രൈബ്, ഡിജെ ജാസ്, ആഞ്ചിന് യോഗി ശേഖര്‍, ആറിന് റിമ കല്ലിങ്കല്‍, ഏഴിന് അഭയ ഹിരനന്മയി തുടങ്ങിയവര്‍ അരങ്ങിലെത്തും. സര്‍ഗാലയയില്‍ സെപ്റ്റംബര്‍ ഒന്നിന് രാജലക്ഷ്മി, സുദീപ്, രണ്ടിന് വിനീത് ശ്രീനിവാസന്‍, മൂന്നിന് ബിജിപാല്‍, നാലിന് ഷഹബാസ് അമന്‍, അഞ്ചിന് ഊരാളി, ആറിന് ജാസി ഗിഫ്റ്റ്, ഏഴിന് കണ്ണൂര്‍ ഷെരീഫ് സംഗീതപരിപാടികളുമായെത്തും. ടൗണ്‍ഹാളില്‍, നിഴല്‍പ്പാവക്കൂത്ത്, നാടകം തുടങ്ങിയവ അരങ്ങേറും. മുടിയേറ്റ്, നാടന്‍ പാട്ട്, പോലുള്ള കലാരൂപങ്ങള്‍ക്ക് മാനാഞ്ചിറ വേദിയാകും. കുറ്റിച്ചിറ, തളി, ഭട്ട് റോഡ് എന്നിവിടങ്ങളിലും വിവിധ കലാപരിപാടികള്‍ അരങ്ങേറും.
ഓണാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശന-വിപണന മേള, മലബാറിന്റെ വിഭവങ്ങള്‍ക്കൊപ്പം മറ്റു നാടുകളിലെ ഭക്ഷണരീതികളും പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റിവല്‍, എംടി യെ ആദരിക്കുന്നതിനായി പുസ്തകമേള തുടങ്ങിയവയും നടക്കും., മണ്ണും കരകൗശല ഉല്‍പ്പന്നങ്ങളും കലാപ്രദര്‍ശനങ്ങള്‍, ശില്‍പശാലകള്‍ എന്നിവയ്ക്കൊപ്പം മലബാറിലെ നിക്ഷേപസാധ്യതകള്‍ നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തും.
വാർത്ത സമ്മേളനത്തിൽ വിനോദ സഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ്, കെടിഐഎൽ ചെയർപേഴ്സൺ എസ് കെ സജീഷ്, ടൂറിസം വകുപ്പ് ജോയിൻ്റ് ഡയറക്ടർ ടി ഗിരീഷ് കുമാർ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോ. ടി നിഖിൽ ദാസ്, ക്രാഫ്റ്റ് വില്ലേജ് സി ഒ ഒ ശ്രീപ്രസാദ് എന്നിവർ പങ്കെടുത്തു.