#മേഖല രാജ്യാന്തര ചലച്ചിത്രോത്സവം – എം ടി തെളിഞ്ഞു; ചിത്രങ്ങളിലും മനസ്സിലും കാലം’: മായാചിത്രങ്ങള്‍ ഫോട്ടോ പ്രദർശനത്തിന് തുടക്കം
കോഴിക്കോട് കൈരളി ശ്രീ കോർണേഷൻ തീയറ്ററുകളിലായി ആരംഭിച്ച മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ എം ടി വാസുദേവൻ നായർക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള ‘കാലം’: മായാചിത്രങ്ങള്‍’ ഫോട്ടോ പ്രദർശനത്തിന് തുടക്കം. പ്രദർശനം എം.ടിയുടെ സഹധര്‍മ്മിണി കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
കൈരളി തിയേറ്റര്‍ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എക്സിബിഷൻ കമ്മിറ്റി ചെയർമാൻ സുനില്‍ അശോകപുരം അധ്യക്ഷനായി.
ഡോ.എം.എം ബഷീര്‍ ആദരഭാഷണം നടത്തി. നടി കുട്ടേടത്തി വിലാസിനി മുഖ്യാതിഥിയായി. ലോക സിനിമകൾ എം ടി യിലൂടെ പരിചയപ്പെട്ടതും 55 വർഷത്തെ സൗഹൃദവും ഡോ.എം.എം ബഷീര്‍ അനുസ്മരിച്ചു.
കോഴിക്കോട് വിലാസിനി എന്ന തൻ്റെ പേരിൽ കുട്ട്യേടത്തി സമ്മാനിച്ച ‘വാസുവേട്ട’ൻ്റെ സ്മരണകളിൽ നടി കുട്ട്യേടത്തി വിലാസിനി പഴയ നാടക-സിനിമാ കാലം ഓർത്തെടുത്തു. ചടങ്ങിൽ നിര്‍മ്മാതാവ് ഷെര്‍ഗ സന്ദീപ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ഡോ.എ.കെ അബ്ദുല്‍ ഹക്കീം എന്നിവര്‍ പങ്കെടുത്തു.
എം.ടിയുടെ ചലച്ചിത്രജീവിതവുമായി ബന്ധപ്പെട്ട 100 ഓളം ചിത്രങ്ങളാണ് എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആര്‍. ഗോപാലകൃഷ്ണനാണ് ക്യുറേറ്റര്‍. മഞ്ഞ്, താഴ്വാരം, ദയ, വാരിക്കുഴി, പെരുന്തച്ചന്‍, പരിണയം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, വൈശാലി തുടങ്ങിയ ചിത്രങ്ങളുടെ ലൊക്കേഷനില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള എം.ടിയുടെ ചിത്രങ്ങള്‍, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്, കടവ്, പഞ്ചാഗ്‌നി, ആരണ്യകം, ഉത്തരം, തൃഷ്ണ, വിത്തുകള്‍ തുടങ്ങിയ എം.ടി ചിത്രങ്ങളില്‍നിന്നുള്ള ദൃശ്യങ്ങള്‍ എന്നിവ എക്‌സിബിഷനിലുണ്ട്.




