
കോഴിക്കോട് വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായകള്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായകള്‍. കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിലാണ് സംഭവമുണ്ടായത്. നായകളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. തൊടുവയില്‍ അലിയുടെ മകളും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സജ ഫാത്തിമയാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
സ്‌കൂള്‍ വാഹനത്തില്‍ വീടിന് മുന്നില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാന്‍ ഗേറ്റ് തുറന്നപ്പോള്‍ അഞ്ചോളം തെരുവ് നായകള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഉടന്‍ തന്നെ ഗേറ്റ് അടച്ച ശേഷം സജ ഫാത്തിമ സമീപത്തെ വീട്ടിലേക്ക് ഓടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഒരു മാസത്തിനിടെ ചെക്യാട് പഞ്ചായത്തില്‍ മാത്രം 15ഓളം പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്