
പി.ടി റഫീഖ് പുരസ്കാരം നടൻ സന്തോഷ് കീഴാറ്റൂരിന് സമ്മാനിച്ചു
കോഴിക്കോട്: നാടക സീരിയൽ നടനും സംവിധായകനുമായ പി.ടി റഫീഖിന്റെ 23-ാം ഓർമ ദിനത്തിൻ നിലാവ് ട്രസ്റ്റ് സംഘടിപ്പിച്ച ഓർമയിൽ റഫീഖ്.. 2025 സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്തു. പി.ടി റഫീഖിന്റെ പേരിൽ നിലാവ് ട്രസ്റ്റ് ഏർപെടുത്തിയ പുരസ്കാരവും ക്യാഷ് അവാർഡും നടൻ സന്തോഷ് കീഴാറ്റൂരിന് കമൽ സമ്മാനിച്ചു.റഫീഖിനെ അടുത്തറിയാൻ കഴിയാതെ പോയത് വലിയ നഷ്ടമായി കാണുന്നുവെന്ന് കമൽ പറഞ്ഞു. കലയെയും കലാകാരന്മാരെയും എത്രമാത്രം സ്നേഹിക്കാൻ കഴിയുന്ന ഒരു ജനത കോഴിക്കോട് മാത്രമെ കാണാൻ കഴിയൂ എന്നത് സത്യമാണ്.അമേച്വർ നാടക രംഗത്ത് സ്വന്തം പ്രയത്നം കൊണ്ട് മറ്റൊന്നും ആഗ്രഹിക്കാതെ ഇറങ്ങി തിരിച്ച് ഇതൊരു സപര്യമായി എടുത്തു കൊണ്ടു നടന്ന് ജീവിച്ച മനുഷ്യൻ അപ്രതീക്ഷിതമായി വേറിട്ടു പോകുമ്പോൾ തീർച്ചയായും ആ ചെറിയ കാലത്തിൽ അദ്ദേഹം അവശേഷിപ്പിച്ച പ്രതിഭയുടെ പ്രവർത്തനങ്ങളുടെ ഓർമകൾ 23 വർഷമായിട്ടും സുഹൃത്തുക്കൾ ഓർക്കാൻ തയ്യാറാകുന്നു എന്നുള്ളത് ചെറിയ കാര്യമല്ല. ഓർമകൾ പെട്ടെന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന കാലത്ത് നാം ജീവിക്കുമ്പോൾ ജീവിച്ചിരുന്നെന്ന് അടയാളപ്പെടുത്താൻ പോലും പലപ്പോഴും ഒന്നും അവശേഷിപ്പിക്കാതെ കടന്നുപോകുന്ന ഒരു പാട് കലാകാരന്മാർ നമുക്ക് ചുറ്റുമുണ്ട്. അവരെയൊക്കെ ഓർക്കുന്നത് ബന്ധുക്കളെക്കാളും അടുത്തറിഞ്ഞ സുഹൃത്തുക്കളായിരിക്കു എന്നുള്ളതാണ് നമുക്ക് അറിയാൻ കഴിയുക.സന്തോഷ് സിനിമ നടനാകാൻ മാത്രം നടക്കുന്ന വ്യക്തിയല്ല നാടകത്തിനു കൂടി ഉഴിഞ്ഞു വെച്ച ജീവിതമാണ്.സന്തോഷ് ഈ ആധുനിക കാലഘട്ടത്തിൽ നാടകത്തിൽ അഭിനയിക്കാൻ സ്ത്രീകളെ കിട്ടുന്ന കാലത്ത് പോലും ഒരു കലാകാരന്റെ ഓർമ പുതുക്കൽ കൂടിയായി വാസവദത്തയെന്ന കഥാപാത്രത്തെ ഏറ്റെടുത്തു കൊണ്ട് ഇങ്ങനെ അരങ്ങുകളിൽ നിന്നും അരങ്ങുകളിലേക്ക് പെൺ വേഷം കെട്ടി പകർന്നാടുമ്പോൾ അത് ഉണ്ടാക്കുന്ന ഇംപാക്ട് നിസാരമല്ല.അത് കലാകാരനോടുള്ള വെല്ലുവിളിയാണ്. നടനെന്ന നിലയിൽ സൂക്ഷ്മത പുലർത്തുന്നു എന്നത് അവൻ ചെയ്യുന്ന തൊഴിലിനോടുള്ള അർപണവും സൂക്ഷ്മമായ നിരീക്ഷണവും ഒപ്പം അതിൽ കാണിക്കുന്ന ജാഗ്രതയുമാണ്.ആ കാര്യത്തിൽ സന്തോഷ് അഭിനന്ദനമർഹിക്കുന്നതാ യും അദ്ദേഹം പറഞ്ഞു. ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഷാജി നെടൂളി അധ്യക്ഷനായി. മുൻ മുഖ്യമന്ത്രി വി.എസ് അച്ചുദാനന്ദനന്റെ വിയോഗത്തിൽ അനുശോചിച്ചു. എം.എ ഷഹനാസ് സ്നേഹ പത്രം സമർപ്പിച്ചു. നിഷാന്ത് കൊടമന പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. കമലിന് സജിത് ഉണിത്താളി ഉപഹാരം സമർപ്പിച്ചു.എ.കെ അബ്ദുൽ ഹക്കീം, കെ.കെ മൊയ്തീൻ കോയ, ബൈജു ലൈല രാജ്, ശിവദാസ് പൊയിൽക്കാവ് സംസാരിച്ചു.സന്തോഷ് കീഴാറ്റൂർ മറുമൊഴി നടത്തി. പല സ്ഥലത്തും പോകുമ്പോൾ താൻ അഹങ്കാരത്തോടെ പറയുക ഞാൻ കണ്ണൂർ കാരനല്ല കോഴിക്കോട്ടു കാരൻ എന്നാണ്. കാരണം അത്രയും ഇഷ്ടമാണ് കോഴിക്കോടിനോട്.കോഴിക്കോടിന്റെ മണ്ണ് അങ്ങിനെയാണെന്നും അദ്ദേഹം പറഞ്ഞു.അപ്പോഴും കോഴിക്കോടിന് നാടകം കളിക്കാൻ നല്ലൊരു ഇടമില്ല എന്നത് വലിയ സങ്കടം തോന്നുന്നു. പരിപൂർണമായ നാടകമടക്കം എല്ലാ കലകളും അവതരിപ്പിക്കാൻ മനോഹമായ തിയേറ്റർ ഒരുക്കി ഞങ്ങളെ പോലുള്ളവർക്ക് ഇടം തരണം. മറ്റെല്ലാ കാര്യത്തിലും കോഴിക്കോടിനെ ഇഷ്ടമാണെങ്കിലും നാടകം കളിക്കാൻ നല്ലൊരിടം ഈ മണ്ണിൻ ഇല്ല എന്നതിനാൽ നാമെല്ലാം ഒരുമിച്ചു നിന്നു പോരാടി അത് നേടിയെടുക്കണമെന്നും സന്തോഷ് പറഞ്ഞു. അൻവർ കുനിമൽ സ്വാഗതവും കെ.അജിത് കുമാർ നന്ദിയും പറഞ്ഞു.സന്തോഷ് കീഴാറ്റൂർ അവതരിപ്പിച്ച ‘പെൺ നടൻ’ നാടകവും, ഗാനാലപനവും അരങ്ങേറി.