
കോരപ്പുഴയിൽ അഴിമുഖത്ത് ആഴം കൂട്ടൽ :തീര പ്രദേശങ്ങളിൽ ആശങ്ക
കോഴിക്കോട് :എലത്തൂർ കോരപ്പുഴ
അഴിമുഖത്ത് കടലിൽ ആഴം കൂട്ടൽ നടക്കുന്നതിനിടെ പ്രദേശ വാസികളിൽ ആശങ്കയും നിലനിൽക്കുന്നു. തീര പ്രദേശങ്ങളിൽ നിന്നും 20 മീറ്റർ അകലെ നിന്നും മണ്ണും ചെളിയും മാറ്റാ നാണ് സ്വകാര്യ കമ്പിനിക്ക് കരാർ നൽകിയത്. എന്നാൽ കേവലം 5 മീറ്റർ വിട്ട് മണൽ വാരൽ മാത്രമായാണ് നടക്കുന്നതെന്നാണ് പ്രദേശ വാസികളുടെ പരാതി. ആദ്യം കരാർ നൽകിയ കമ്പനിക്ക് ചെളി മാറ്റി കരയിൽ എത്തിക്കുക മാത്രമായിരുന്നു കരാർ . ഇതോടെ കരയിൽ നിന്നും ചെളി മാറ്റാൻ മറ്റൊരു കമ്പനിക്ക് കരാർ നൽകാൻ വൈകിയത് തീര പ്രദേശങ്ങളിലാകെ ദുർഗന്ധം മൂലം താമസക്കാർക്ക് പ്രയാസം നേരിട്ടു ,ഇത് മനസിലാക്കി പുതിയ കരാറിൽ ചെളി മാറ്റലും ഒഴിവാക്കലും ഒരു കരാർ കമ്പിനിയെ ഏൽപ്പിക്കുകയായിരുന്നു. അതിനിടെ 20 മീറ്റർ വിട്ട് ചെളി മാറ്റുന്നതിന് പകരം 5 മീറ്റർ വിട്ട് മണൽ ഉൾപ്പെടെ മാറ്റാൻ തുടങ്ങിയതോടെ കടൽ ഭിത്തി തകർന്ന് തീര പ്രദേശങ്ങളിൽ ആശങ്ക പരത്തി. ആഴം കൂട്ടുന്നതിൻ്റെ മറവിൽ മണൽ കച്ചവടമാണ് നടക്കുന്നതെന്ന് ആരോപിച്ച് പ്രദേശ വാസികൾ രാഷ്ട്രീയം മാറ്റി വെച്ച് ജനകീയ സമര സമിതി രൂപീകരിച്ചു.

ഒരു മാസം മുമ്പ് ചെളി മാറ്റാൻ എത്തിയ വാഹനം തടഞ്ഞ് ജനകീയ സമിതി പ്രവർത്തകർ ആഴം കൂട്ടൽ നടപടിയെ പ്രതിരോധിച്ചു.
തുടർന്ന് സർക്കാർ 3 അംഗ സമിതിയെ നിയോഗിച്ചു. സ്ഥലം എം എൽ എ കൂടിയായ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ട് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. വില്ലേജ് ഓഫീസർ , 4 ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ , 3 ജനകീയ സമിതി പ്രവർത്തകർ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
ഇതിന് ശേഷം യോഗം ഒരു തവണ ചേർന്നു. തുടർ ആഴം കൂട്ടൽ നടപടിക്ക് ജനകീയ സമിതി മുന്നോട്ട് വെച്ച നിർദ്ദേശ പ്രകാരം നീങ്ങാനാണ് നീക്കമെങ്കിലും രണ്ടാമത് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞ ശനിയാഴ്ച തീരുമാനിച്ചെങ്കിലും നടന്നില്ല. ഇതോടെ ആഴക്കടൽ അനിശ്ചിതാവസ്ഥയിലാകുകയും ചെയ്തെന്ന് ജനകീയ സമര സമിതി കൺവീനർ എം ഷംസു പറഞ്ഞു.
അഴിമുഖം തീര പ്രദേശമായ മാട്ടുവയൽ ഭാഗത്ത് 100 ഓളം വീട്ടുകാർ വലിയ ആശങ്കയിലാണ്, ‘കടൽ ഭിത്തി കെട്ടിയില്ലെങ്കിൽ വലിയ ആപത്തിന് സാക്ഷിയാകേണ്ടിവരുമെന്ന് സമര സമിതി ചെയർമാൻ എം റഫീഖ് പറഞ്ഞു. ആഴം കൂട്ടൽ നടപടിയെ എതിർക്കുന്നില്ല , ശാസ്ത്രീയമായിരിക്കണമെന്ന് മാത്രം , സുരക്ഷിതമായി കടൽ ഭിത്തിയോ പുലിമുട്ടോ സ്ഥാപിച്ചതിന് ശേഷം ആഴം കൂട്ടൽ നടത്തുന്നതാകും ഉചിതമെന്നാണ് പ്രദേശ വാസികൾ പറയുന്നത്.