
എസ്എസ്എൽസി, പ്ലസ് ടു മികവിന് 73 പേർക്ക് യുഎൽസിസിഎസിന്റെ ഉപഹാരം
വടകര :ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്എസ്എൽസിക്കു മികച്ച വിജയം നേടിയ 49-ഉം പ്ലസ് ടുവിനു മികച്ച വിജയം നേടിയ 24-ഉം വിദ്യാർത്ഥികൾക്കു പുരസ്ക്കാരം നല്കി. ഓഫീസ് പരിസരത്തു നടന്ന ചടങ്ങ്, സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്തു. ഐഎസ്ആർഒ മുൻ ഡയറക്ടർ (എച്ച്ആർ) ഇ. കെ. കുട്ടി മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് എൻഐടിയിൽ എംടെക്ക് ജിയോടെക്നിക്കൽ എഞ്ചിനീയറിങ്ങിൽ പ്രവേശനം ലഭിച്ച അതിഥി അജയ്, ജെഇഇ മെയിൻസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആര്യ സി. പി. എന്നിവരെയും ചടങ്ങിൽ ആദരിച്ചു. 2025-ലെ മികച്ച ഇൻഡസ്ട്രിയൽ റിലേഷൻസ് മാനേജർക്കുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർസണൽ മാനേജ്മെൻറ് പാലക്കാട് ചാപ്റ്ററിൻറെ അവാർഡ് കരസ്ഥമാക്കിയ യുഎൽസിസിഎസ് എച്ച്ആർ കോർപ്പറേറ്റ് ഹെഡ് കെ. ഹരീന്ദ്രനെയും യോഗം അനുമോദിച്ചു.
എസ്എസ്എൽസിക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ 40 പേർ ഒന്നാം റാങ്കുകാരായി. ആറുപേർ രണ്ടാം റാങ്കിനും മൂന്നുപേർ മൂന്നാം റാങ്കിനും അർഹരായി. പ്ലസ് ടുവിന് മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ 11 പേർ ഒന്നാംറാങ്കും ആറുപേർ രണ്ടാംറാങ്കും ഏഴുപേർ മൂന്നാംറാങ്കും നേടി. 10,93,500 രൂപയാണ് ആകെ സമ്മാനത്തുക.
എസ്എസ്എൽസി, പ്ലസ് ടൂ വിജയികൾക്ക് ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ മൂന്നു റാങ്കുകൾ നിശ്ചയിച്ചാണു സമ്മാനം നല്കിയത്. മെഡലും സർട്ടിഫിക്കറ്റും ഉപഹാരവും അടങ്ങിയതാണു സമ്മാനങ്ങൾ. ഒന്നാം റാങ്കിനു 15,000 രൂപയും രണ്ടാം റാങ്കിന് 10,000 രൂപയും മൂന്നാം റാങ്കിന് 8,000 രൂപയുമാണു സൊസൈറ്റിയുടെ ഉപഹാരം. ഇതിനുപുറമെ, യഥാക്രമം 2000, 1500, 1000 രൂപവീതം സൊസൈറ്റിയംഗങ്ങളുടെ കൾച്ചറൽ സെന്ററിന്റെ സമ്മാനവും ഉണ്ടായിരുന്നു. ആകെ 10,93,500 രൂപയാണ് സമ്മാനമായി വിതരണം ചെയ്തത്.
രാജ്യത്തിന്റെ പുരോഗതിക്കായി അഭിരുചിക്കനുസരിച്ചും എഐ യുഗത്തിന് ഉതകുന്നവിധത്തിലും എന്ത് എങ്ങിനെ എവിടെ പഠിക്കണമെന്നു തീരുമാനിച്ചു മുന്നേറണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ രമേശൻ പാലേരി വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നതും വ്യവസായത്തിന് ആവശ്യമായുള്ളതുമായ നൈപുണികൾ തമ്മിൽ നിലനില്ക്കുന്ന വലിയ വിടവ് മികച്ച തൊഴിലാളികളെയും പ്രൊഫഷണലുകളെയും ലഭിക്കുന്നതിനു തടസമാകുന്നെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ തൊഴിലാളികളുടെ മക്കളുടെ വിജയം ആഘോഷിച്ച് അവർക്ക് എല്ലാ പ്രോത്സാഹനവും നൽകുന്ന യുഎൽസിസിഎസിന്റെ സംസ്ക്കാരത്തിന്റെ ഭാഗമാകാൻ സാധിച്ച ഓരോരുത്തരും ഭാഗ്യശാലികളാണെന്ന് ഇ.കെ കുട്ടി അഭിപ്രായപ്പെട്ടു.
സൊസൈറ്റിയുടെ വൈസ് ചെയർമാൻ എം. എം. സുരേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ യുഎൽ റിസേർച്ച് ഡയറക്ടർ സന്ദേശ് ഇ. പ. മുഖ്യപ്രഭാഷണം നടത്തി. യുഎൽ സ്പേസ് ക്ലബ് മെന്റർ ഷജിൽ യു. കെ, യുഎൽസിസിഎസ് ഡയറക്റ്റർ വി.കെ. അനന്തൻ, ജിഎം അഡ്മിൻ കെ. പി. ഷാബു, ജി.എം ബിൽഡിങ്സ് ടി. പി. രാജീവൻ എന്നിവർ സംസാരിച്ചു.