കെ.കേളപ്പൻ പാർക്ക് ശുചീകരിച്ച് എം.എസ്.എസ്. മാവിളിക്കടവ് സ്ക്കൂൾ
കോഴിക്കോട് : പ്രമുഖ ഗാന്ധിയൻ കെ. കേളപ്പന്റെ പേരിലുള്ള കാട് പിടിച്ച് കിടക്കുന്ന കാടും പരിസരങ്ങളും ശുചീകരിച്ച് മാവിളിക്കടവ് എം.എസ്.എസ്. പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി.1990 ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്തതും പിന്നീട് ശലഭോദ്യാനമായി വികസിപ്പിച്ചതുമായ നഗര മധ്യത്തിൽ ഇംഗ്ലീഷ് പള്ളിക്ക് സമീപത്തുള്ള പാർക്ക് വർഷങ്ങളായി കാട് പിടിച്ചു കിടക്കുകയാണ്. ഇരിപ്പിടങ്ങൾ കേടുപാടുകൾ വന്നും കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ നശിച്ചും ആൾപ്പൊക്കത്തിൽ പുല്ലു വളർന്നും കിടക്കുന്ന പാർക്ക് സാമൂഹ്യ വിരുദ്ധരുടെ താവളമായതിനെത്തുടർന്ന് ഏറെക്കാലമായി തുറക്കാറില്ല. അനാഥമായിക്കിടക്കുന്ന പാർക്ക് എം.എസ്.എസ്. പബ്ലിക്ക് സ്കൂളുകളിലെ മുപ്പതോളം വിദ്യാർത്ഥികളും എച്ച്.എസ്.ജി വളണ്ടിയർമാരും ചേർന്നു വെട്ടിത്തെളിയിച്ച് വൃത്തിയാക്കി. രാവിലെ ഏഴര മണിക്കാരംഭിച്ച ശുചീകരണ യജ്ഞം നാലു മണിക്കൂർ നീണ്ടു നിന്നു. സ്ക്കൂൾ മാനേജിംഗ് കമ്മിറിയംഗം സന്നാഫ് പാലക്കണ്ടി ഉദ്ഘാടനം ചെയ്തു.കാടുപടലങ്ങൾ നീക്കിയ പാർക്ക് മേയർ ഒ. സദാശിവൻ, ഡെപ്യൂട്ടി മേയർ ഡോ.:എസ്.ജയശ്രീ, ആരോഗ്യ സ്ഥിരം സമിതിയധ്യക്ഷൻ കെ. രാജീവ് , കൗൺസിലർ സഫറി വെള്ളയിൽ എന്നിവർ സന്ദർശിച്ചുശുചീകരണ പരിപാടിക്ക് സ്ക്കൂൾ സിക്രട്ടറി എ.പി.കുഞ്ഞാമു,വൈസ് പ്രിൻസിപ്പൽ സി. സുജ, അക്കാദമിക് കോ ഓർഡിനേറ്റർ എസ്. താര, സൂപ്രണ്ട് കെ. സന്ധ്യ, ഇവൻറ് കോ-ഓർഡിനേറ്റർ ജി.വി.ഉഷാകുമാരി അധ്യാപകരായ വി. ശിഫ , പട നിലം ബാബു, ടി.കെ.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.കോർപ്പറേഷൻ അനുമതി നൽകിയാൽ പാർക്ക് നവീകരിച്ച് ആളുകൾക്ക് സായാഹ്നങ്ങൾ ചെലവഴിക്കാൻ പാകത്തിൽ നടത്തിപ്പ് ചുമതല ഏറ്റെടുക്കാൻ എം.എസ്.എസ് തയ്യാറാണെന്ന് സ്ക്കൂൾ അധികൃതർ അറിയിച്ചു.
ഫോട്ടോ : മേയർ ഒ സദാശിവനും ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീയും കെ കേളപ്പൻ സ്മാരക ശലഭോദ്യാനം ശുചീകരണ വേളയിൽ സന്ദർശിക്കുന്നു.