“ബേക്ക് എക്സ്പോ-2026” അങ്കമാലിയിൽ ; ഒക്ടോബർ 9 മുതൽ 11 വരെ
കോഴിക്കോട്: സംസ്ഥാനത്തെ ബേക്കറി, ഫുഡ് പ്രോസസിംഗ് മേഖലകളിലെ വ്യവസായികൾക്കും വ്യാപാരികൾക്കും പുതിയ അവസരങ്ങൾ ഒരുക്കി ബേക്കേഴ്സ് അസോസിയേഷൻ കേരള ( ബേക്ക്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ “ബേക്ക് എക്സ്പോ-2026″ ഒക്ടോബർ 9, 10, 11 തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ ബേക്കറി, ഫുഡ് പ്രോസസിംഗ് മേഖലയിലെ ഏറ്റവും വലിയ വ്യാപാര സംഗമങ്ങളിലൊന്നായി മാറുന്ന എക്സ്പോയിൽ 700-ലധികം പ്രദർശന സ്റ്റാളുകൾ ഒരുക്കും. ബേക്കറി മെഷിനറികൾ, ഫുഡ് പ്രോസസിംഗ് ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ, പാക്കേജിംഗ്, റഫ്രിജറേഷൻ, കിച്ചൺ എക്യുപ്മെന്റ്, ഫുഡ് ടെക്നോളജി, ഓട്ടോമേഷൻ, ഫുഡ് സേഫ്റ്റി തുടങ്ങിയ മേഖലകളിലെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ബേക്കറി സംരംഭകർ, ഫുഡ് പ്രോസസിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ, ഹോട്ടൽ-റസ്റ്റോറന്റ് മേഖലയിലുള്ളവർ, റീട്ടെയിൽ വ്യാപാരികൾ, ഫുഡ് പ്രോസസിംഗ് വ്യവസായികൾ, യുവ സംരംഭകർ എന്നിവരടക്കം 25,000-ത്തിലധികം വ്യാപാര സംരംഭകർ എക്സ്പോ സന്ദർശിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകർ പറഞ്ഞു.ഒക്ടോബർ 9ന് രാവിലെ 10ന് വ്യവസായ-ഐ.ടി. മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എക്സ്പോയുടെ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 10ന് രാവിലെ 10.30ന് പുതിയ ആശയങ്ങൾക്കും നൂതന സംരംഭങ്ങൾക്കും വേദിയൊരുക്കുന്ന ” ബേക്ക് നെക്സ്റ്റ് 2026″ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ മുഖ്യാതിഥിയാകും.ഫുഡ് ടെക്നോളജി, ബേക്കറി ടെക്നോളജി, ഫുഡ് പ്രോസസിംഗ് മേഖലകളിലെ സ്റ്റാർട്ടപ്പുകൾ,യുവ സംരംഭകർ, ഇന്നൊവേറ്റർമാർ എന്നിവർക്ക് അവരുടെ ആശയങ്ങളും നൂതന സംരംഭങ്ങളും അവതരിപ്പിക്കാനുള്ള അവസരമാണ് ബേക്ക് നെക്സ്റ്റ് ഒരുക്കുന്നത്.ഒക്ടോബർ 11ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും.കേരളത്തിലെ ബേക്കറി-ഫുഡ് പ്രോസസിംഗ് മേഖലയിലെ പുതിയ സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്നതിനും സംരംഭകർക്ക് പുതിയ ബിസിനസ് ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ബേക്ക് എക്സ്പോ സഹായകരമാകുമെന്ന് സംഘാടകർ പറഞ്ഞു.ബേക്ക് എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പ്രചാരണം ഒക്ടോബർ ആറിന് വൈകിട്ട് 4 ന് നടക്കുന്ന “മധുര വണ്ടി നഗര വീഥിയിൽ ” എന്ന പരിപടിയോടെ സമാപിക്കും.വി കെ ഫൈസൽ ബാബു എം എൽ എ മുഖ്യാതിഥിയാകും.കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിൽ നഗരത്തിലൂടെ യാത്ര ചെയ്ത് വൈകീട്ട് 5 ന് ബീച്ചിൽ സമാപിക്കും. ചൊവ്വാഴ്ച വൈകീട്ട് 4 മുതൽ 6 വരെ ബേക്ക് അംഗത്വമുള്ള കേരളത്തിലെ എല്ലാ ബേക്കറികളിലും മധുരം വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ബേക്ക് ജില്ലാ പ്രസിഡൻ്റ് ദേവദാസ് തായാട്ട് , ജില്ല ജനറൽ സെക്രട്ടറി എം എം അബ്ദുൽ സലാം, സംസ്ഥാന കമ്മിറ്റി അംഗം കെ ആർ രഞ്ജിത് , വൈസ് പ്രസിഡൻ്റ് നൗഫൽ മണലൊടി, ബേക്ക് കെയർ ഫൗണ്ടേഷൻ ചെയർമാൻ യു.വി മഖ്ബൂൽ,ട്രഷറർ എം പ്രദീപ്, ഫൗണ്ടേഷൻ കൺവീനർ എ കെ ജുനൈസ് എന്നിവർ പങ്കെടുത്തു.