എൻ.സി.പി. (അജിത് പവാർ വിഭാഗം) ഫോർവേർഡ് ബ്ലോക്കിൽ ലയനം ; അടിസ്ഥാന രഹിതമെന്ന് എൻ.സി.പി. കേരള സംസ്ഥാന ഘടകം
കോഴിക്കോട്: എൻ.സി.പി. അജിത് പവാർ വിഭാഗം കേരളത്തിൽ ഫോർവേർഡ് ബ്ലോക്കിൽ ലയിക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എൻ.സി.പി. കേരള സംസ്ഥാന ഘടകം. ഇത്തരമൊരു ലയനം സംബന്ധിച്ച് പാർട്ടിയുടെ സംസ്ഥാന ഘടകമോ ദേശീയ നേതൃത്വമോ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ. എ. ജബ്ബാറും സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം. എം. ഷാജിയും അറിയിച്ചു.എൻ.സി.പി.യിൽനിന്ന് രാജിവെച്ച എൻ. എ. മുഹമ്മദ് കുട്ടി പാർട്ടിയുടെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗിച്ച് നടത്തിയ പത്രസമ്മേളനവും ലയനവുമായി ബന്ധപ്പെട്ട് യോഗം ചേരുമെന്ന പ്രഖ്യാപനവും അംഗീകരിക്കാനാകില്ലെന്നും നേതൃത്വം വ്യക്തമാക്കി. പാർട്ടി അംഗമല്ലാത്ത ഒരാൾ എൻ.സി.പി.യുടെ പേരിൽ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ദേശീയ നേതൃത്വം അറിയിച്ചതായും നേതാക്കൾ പറഞ്ഞു.