അത്താണി പാതയോരത്തെ ആൽമരവേര് ഓടയിലെ വെള്ളൊഴുക്കിന് തടസ്സം; ദുരിതത്തിൽ പ്രദേശവാസികൾ
അത്തോളി: ഉള്ളിയേരി -പാവങ്ങാട് സംസ്ഥാന പാതയിൽ അത്താണി ഓട്ടോസ്റ്റാൻഡിന് സമീപമുള്ള ആൽമരത്തിന്റെ വേരുകൾ ഓടയിലേക്ക് വ്യാപകമായി വളർന്നതിനെ തുടർന്ന് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നു. മഴ പെയ്യുമ്പോൾ വെള്ളം കെട്ടിക്കിടക്കുകയും സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നതോടെ പ്രദേശവാസികൾ ദുരിതത്തിലായി.


സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് സെക്രട്ടറി വിഷയത്തിന്റെ വിശദാംശങ്ങൾ രേഖാമൂലം പി.ഡബ്ല്യു.ഡി ബാലുശ്ശേരി റോഡ് ഡിവിഷൻ എഞ്ചിനീയറെ അറിയിക്കുകയും തുടർനടപടികൾ ആവശ്യപ്പെടുകയും ചെയ്തു.
ആൽമരം മുറിച്ചുമാറ്റുകയോ ആവശ്യമായ രീതിയിൽ നീക്കം ചെയ്യുകയോ ചെയ്താൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകൂവെന്ന് പരാതി നൽകിയ പുതിയോത്ത് താഴെ വീട്ടിൽ സന്തോഷ് അറിയിച്ചു. അതേ സമയം പി ഡബ്ല്യൂ ഡി അധികൃതർ പരിഹാരം കണ്ടില്ലെങ്കിൽ ഈ ആവശ്യം ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയേയും മനുഷ്യവകാശ കമ്മീഷനെയും സമീപിക്കാൻ ഒരുങ്ങുകയാണ് പ്രദേശ വാസികൾ.