അലുമിനിയം ഡീലേഴ്‌സ് ഫോറം ആറാമത് സംസ്ഥാന സമ്മേളനവും എക്സ്പോയും തുടങ്ങി
മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു
കെട്ടിട നിർമ്മാണ രംഗത്ത് അലുമിനിയം കൊണ്ടുള്ള പുതിയ സാങ്കേതികത്വം അനിവാര്യമെന്ന് മേയർ
കോഴിക്കോട് : കെട്ടിട നിർമ്മാണ രംഗത്ത് അലുമിനിയം കൊണ്ടുള്ള പുതിയ സാങ്കേതികത്വം അനിവാര്യമെന്ന് കോർപ്പറേഷൻ മേയർ ഒ സദാശിവൻ. അലുമിനിയം ഡീലേഴ്സ‌് ഫോറത്തിൻ്റെ (എ ഡി എഫ്) മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആറാമത് സംസ്ഥാന സമ്മേളനവും എക്സ്പോയും കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേയർ. അലൂമിനിയം നിർമ്മാണ പ്രവർത്തനങ്ങളിൽ അസംസ്‌കൃത വസ്തുകളുടെ ആവശ്യകത കൂടുകയും ലഭ്യത കുറവും നിലവിലുള്ള സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടാനും പാരമ്പര്യ രീതിയിൽ നിന്നും വ്യത്യസ്തമായി പുതിയ സാധ്യതകൾ മനസ്സിലാക്കാനും സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടത്തുന്ന സെമിനാറുകൾക്കും എക്സ്പോയ്ക്കും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എ ഡി എഫ് സംസ്ഥാന പ്രസിഡൻ്റ് സജൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മധുപൻ എബ്രഹാം, ട്രഷറർ ബൈജു കെ തോമസ്, പ്രോഗ്രാം ചെയർമാൻ എ ബഷീർ , കൺവീനർ കെ ടി ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു. എ ഡി എഫ് സംസ്ഥാന പ്രസിഡൻ്റ് സജൽ മുഹമ്മദ് പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ജി ഫാബ് അലുമിനിയം മാനേജിംഗ് ഡയറക്ടർ ഗണേഷ് ജി ഫാബിൻ്റെ നേതൃത്വത്തിൽ ട്രെയിനിങ് പ്രോഗ്രാം നടത്തി. ശനി,ഞായർ ദിവസങ്ങളിൽ എ ഡി എഫ് പുതിയ സംസ്ഥാന കൗൺസിൽ മീറ്റ്, ബിസിനസ്സ് ട്രെയിനിംഗ് പ്രോഗ്രാം, സംസ്ഥാന ജനറൽ അസംബ്ലി , സെമിനാർ , ആദരിക്കൽ , സമാപന ദിവസം ഷഹബാസ് അമൻ നയിക്കുന്ന സംഗീത വിരുന്നും നടക്കും. ഡോ അമ്പിളി ശ്രീനിവാസ് ആണ് പരിപാടിയുടെ അവതാരക. ഇന്ത്യയിലെ മുൻനിര അലുമിനിയം ഉല്‌പാദകരും വിതരണക്കാരും സ്ഥാപനങ്ങളും പങ്കെടുക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്പോയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

