ഗുരുവായൂരിലെ ആചാര ലംഘനം -സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാർഹം : പണിക്കർസർവ്വീസ് സൊസൈറ്റി
കോഴിക്കോട് : ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശിയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതാർഹമെന്ന്
പണിക്കർ സർവ്വീസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ ബേപ്പൂർ മുരളീധരൻ പണിക്കർ പറഞ്ഞു.
ആചാരങ്ങൾ അതേപടി തുടരണമെന്ന കോടതിയുടെ നിരീക്ഷണവും സമകാലികതയിൽ പ്രാധാന്യമർഹിക്കുന്നതാണ്. ആചാരലംഘനം ഹൈന്ദവ ജനതയോടുള്ള വെല്ലുവിളിയാണ്. തന്ത്രിയല്ല തന്ത്രശാസ്ത്രമാണ് അവസാനവാക്കെന്നും അടിവരയിടുന്നതാണ് ഇടക്കാല ഉത്തരവ്.
വിശ്വാസത്തിനും ആചാരത്തിനും പ്രാധാന്യം കൽപ്പിക്കാതെ ദൈവഹിതത്തിനെതിരായ ഇടപെടലുണ്ടായതാണ് പരമോന്നത കോടതിയിൽ ഗുരുവായൂർ ദേവസ്വത്തിന് തിരിച്ചടിയേൽക്കാൻ കാരണമായത്. വൃശ്ചിക മാസത്തിലെ ഏകാദശി പൂജ ഡിസംബർ ഒന്നിന് തന്നെ നടത്തണമെന്ന് പണിക്കർ സർവിസ് സൊസൈറ്റി നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതിയും അത് ശരിവെച്ചു. ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത് തന്നെ, സമകാലിക ഹൈന്ദവ സമൂഹത്തെ ആചാര നിഷ്ഠയുടെ പേരിൽ വെല്ലുവിളിക്കുന്ന ഭരണകൂടത്തിന് കൂടിയുള്ള മുന്നറിയിപ്പും താക്കീതുമായി വ്യാഖ്യാനിക്കാം. ദേവ ചൈതന്യം വർധിപ്പിക്കാനും അതു വഴി ഭക്തരിലേക്ക് സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യാനുമാണ് വിവിധങ്ങളായ പൂജകൾ ക്ഷേത്രങ്ങളിൽ നടത്തുന്നത്. പൂജ വിധികളും രീതികളും വേദഗ്രന്ഥങ്ങളിൽ അർത്ഥശങ്കയ്ക്കിടയില്ലാത്ത വണ്ണം വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രിക്ക് ഒറ്റയടിക്ക് ഇത് മാറ്റാനാകില്ലെന്ന കോടതിയുടെ നീരിക്ഷിക്ഷണം, ക്ഷേത്ര കാര്യങ്ങളിൽ ദേവനും അനുവർത്തിച്ച് പോരുന്ന ആചാരാനുഷ്ഠാനങ്ങൾക്കുമാണ് പ്രാധാന്യമെന്ന് ഓർമിപ്പിക്കുന്നതാണെന്ന് ബേപ്പൂർ മുരളീധരൻ പണിക്കർ, കാക്കശ്ശേരി രവീന്ദ്രൻ പണിക്കർ എന്നിവർ പറഞ്ഞു.
ആചാരലംഘനം നടത്തിയ ഗുരുവായൂർ ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്ന് ജ്യോതിഷ സഭാ സംസ്ഥാന ചെയർമാൻ വിജീഷ് പണിക്കർ പറഞ്ഞു. യോഗത്തിൽ അനിൽ പണിക്കർ, പ്രമോദ് പണിക്കർ കൊയിലാണ്ടി, മൂലയിൽ മനോജ് പണിക്കർ ഹരിദാസ് പണിക്കർ , എന്നിവർ സംസാരിച്ചു.