കെ.എം.സി.ടി കോളേജ് ഓഫ് അല്ലയ്ഡ് ഹെൽത്ത് സയൻസിന് നാക് അംഗീകാരം ; പുതിയ ബിരുദാനാന്തര ബിരുദ കോഴ്സുകൾ തയ്യാറാകുന്നു
മുക്കം: കേരളത്തിലെ പ്രമുഖ അല്ലയ്ഡ് ഹെൽത്ത് സയൻസ് കോളേജുകളിലൊന്നായ കെ.എം.സി.ടി. കോളേജ് ഓഫ് അല്ലയ്ഡ് ഹെൽത്ത് സയൻസസ് നാക് ( നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) അക്രെഡിറ്റേഷനിൽ
ബി++ ഗ്രേഡ് കരസ്ഥമാക്കി. 2013-ൽ സ്ഥാപിതമായ, കേരള ആരോഗ്യ സർവകലാശാല അഫിലിയേഷനും കേരള സർക്കാർ അംഗീകാരവുമുള്ള കോളേജിൽ നിരവധി ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്സുകൾ നൽകി വരുന്നു. ഈ അംഗീകാരത്തോടെ നാക് അംഗീകാരം നേടിയ കേരളത്തിലെ ആദ്യ അല്ലയ്ഡ് ഹെൽത്ത് സയൻസ് കോളേജ് എന്ന ബഹുമതി കോളേജ് സ്വന്തമാക്കുന്നതോടൊപ്പം, ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലുള്ള കോളേജിന്റെ അർപ്പണബോധവും ഭാവിയിലെ ആരോഗ്യ പരിപാലന മേഖലയിലെ കഴിവുറ്റ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനുള്ള പ്രതിബദ്ധതയും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു.
ഒക്ടോബർ 18ന് കോളേജിൽ നടക്കുന്ന ചടങ്ങിൽ എം. കെ. രാഘവൻ എം പി നാക് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് കോളേജിന് കൈമാറും. ഇതോടൊപ്പം കോളേജ് പുതുതായി ആരംഭിച്ച 10-ഓളം ബിരുദാനന്തര ബിരുദ കോഴ്സുകളുടെ പ്രഖ്യാപനം ബഹുമാനപ്പെട്ട തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ. ലിന്റോ ജോസഫ് നിർവഹിക്കും. വരും ദിവസങ്ങളിലായി കോളേജ് നടത്താനിരിക്കുന്ന കോളേജ് ഡേ യുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും. ആരോഗ്യ മേഖലയിൽ ഉയർന്ന തൊഴിലവസരങ്ങൾ സ്വന്തമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തകരാക്കുന്ന പ്രോഗ്രാമുകൾ നൽകി വരുന്ന കെഎംസിടി കോളേജ് ഓഫ് അല്ലയ്ഡ് ഹെൽത്ത് സയൻസസ് ജില്ലയിലും സംസ്ഥാനത്തുമുടനീളമുള്ള വിദ്യാർത്ഥികളുടെ ഇഷ്ടപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നേടിയിരിക്കുന്ന നാക് അംഗീകാരം കോളേജ് നൽകി വരുന്ന കോഴ്സുകളുടെയും വിദ്യാഭ്യാസ നിലവാരത്തിന്റെയും പ്രതിരൂപമാണ്. പുതുതായി കൊണ്ടുവന്ന ബിരുദാനന്തര കോഴ്‌സുകൾ അല്ലയ്ഡ് ഹെൽത്ത് സയൻസസിൽ ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ മികച്ച സാധ്യതകളോടെ പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും കെഎംസിടി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക ചെയർമാൻ ഡോ. കെ. മൊയ്തു അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കെഎംസിടി കോളേജ് ഓഫ് അല്ലയ്ഡ് ഹെൽത്ത് സയൻസസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ് സന്ദീപ്, ചീഫ് അക്രെഡിറ്റേഷൻസ് മാനേജർ കെ എൻ സലീം , കോഡിനേറ്റർ ഡോ ഗ്ലാഡിസ് കമലം എന്നിവർ പങ്കെടുത്തു.