കെ കെ എൻ കുറുപ്പിനെ ഗവേഷക പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആദരിച്ചു ; വഴി തെറ്റിയാണ് ഈ മേഖലയിലേക്ക് വന്നതെന്ന് കെ കെ എൻ കുറുപ്പ് ; മാർക്ക് കുറഞ്ഞവരാണ് ചരിത്രം പഠിക്കാൻ എത്തുന്നതെന്ന ചിന്ത അജ്ഞതയെന്ന് മേയർ
കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ചരിത്രകാരനുമായ
കെ കെ എൻ കുറുപ്പിനെ അദ്ദേഹത്തിൻ്റെ ഗവേഷക പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ആദരിച്ചു. വഴി കാട്ടിയായ അധ്യാപകനെ കുറിച്ച് പുസ്തകം എഴുതി സമർപ്പിച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. സംഗമത്തിൻ്റെ ഉദ്ഘാടനവും കെ കെ എൻ കുറുപ്പിനെ കുറിച്ച് 12 പേർ എഴുതിയ ലേഖന സമാഹാരത്തിൻ്റെ പ്രകാശനവും മേയർ ബീന ഫിലിപ്പ് നിർവ്വഹിച്ചു. മാർക്ക് കുറഞ്ഞവരാണ് ചരിത്രം പഠിക്കാൻ എത്തുന്നതെന്ന ചിന്ത അജ്ഞതയെന്ന് മേയർ പറഞ്ഞു. ചരിത്രമറിയുന്നവരുടെ വാക്കുകളെ കേൾക്കാൻ കുറച്ച് പേർ മാത്രമെ ഉണ്ടാവൂ. നല്ല മാർക്കുണ്ടെങ്കിൽ ചരിത്രം പഠിക്കേണ്ടന്ന് പറയുന്നത് അത്രമേൽ അജ്ഞതയാണ് , ഇതിന് മാറ്റം ഉണ്ടാകാൻ ചരിത്ര അധ്യാപകരിൽ നിന്ന് തുടങ്ങണമെന്ന് മേയർ പറഞ്ഞു. പുസ്തകം മാധ്യമ പ്രവർത്തകൻ എം പി സൂര്യദാസ് ഏറ്റുവാങ്ങി. വഴി തെറ്റിയാണ് ഈ മേഖലയിലേക്ക് വന്നതെന്ന് കെ കെ എൻ കുറുപ്പ് മറുമൊഴി പ്രസംഗത്തിൽ പറഞ്ഞു. തനിക്ക് വിദ്യാഭ്യാസം പോലും വിലക്കപ്പെട്ട കാലഘട്ടത്തിൽ തന്നെ അറിവിൻ്റെ ലോകത്തേക്ക് കൂട്ടി കൊണ്ട് വന്നത് ആത്മീയ ആചാര്യനായ നടരാജനാണ്. ആ സമയത്ത് തന്നെയാണ് എം ജി എസിനെയും പരിചയപ്പെടുന്നത്, തലശ്ശേരി ഫാക്ടറിയിലെ കൊളോണിയലിസം ബന്ധം പഠിച്ചതോടെയാണ് ചരിത്ര പഠനത്തിൽ ആകൃഷ്ടനായതെന്നും അദ്ദേഹം പറഞ്ഞു.
അളകാപുരിയിൽ നടന്ന ചടങ്ങിൽ ഡോ ഇ കെ സ്വർണ കുമാരി അധ്യക്ഷത വഹിച്ചു.
പ്രൊഫ എൻ ലക്ഷ്മി കുട്ടി , പ്രൊഫ ടി എം വിജയൻ , പ്രൊഫ പി ശശികുമാർ എന്നിവർ മെമെൻ്റോ സമ്മാനിച്ചു. പ്രൊഫ. ഡി പി ഗോഡ് വിൻ സമ്രാജ്, ഡോ എം ടി നാരായണൻ,
ഡോക്ടർ. മോഹൻദാസ്, ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. ശിവദാസൻ, ഡോ. വിജയലക്ഷ്മി, ഡോക്ടർ ഷിനോയ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ പിൽക്കാലത്ത് അധ്യാപകരും പ്രിൻസിപ്പലും ഗവേഷകരുമായി സജീവമായപ്പോൾ അവരെ മുന്നോട്ട് നയിച്ച അധ്യാപകൻ കുറുപ്പ് സാറിനെ ഒരിക്കൽ കൂടി കാണാനും ആദരിക്കാനും അവർ ഒത്തു കൂടിയത് അവിസ്മരണീയമായി.
ഫോട്ടോ : കെ കെ എൻ കുറുപ്പിനെ അദ്ദേഹത്തിൻ്റെ ഗവേഷക പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മേയർ ബീന ഫിലിപ്പ് ആദരിക്കുന്നു.