ജിഎസ്ടി 2.0: ഇന്നു മുതൽ 413 ഉത്പന്നങ്ങൾക്ക് വിലകുറയും
ന്യൂഡൽഹി : ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) ഏറ്റവുംവലിയ പരിഷ്കരണം പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്തുക്കളുടെയും വിലകുറയും. കൂടാതെ ആഡംബര ഉത്പന്നങ്ങൾക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങൾക്കും ലോട്ടറിക്കും 40 ശതമാനം എന്ന ഉയർന്നനിരക്കും നടപ്പാക്കുകയാണ്.
ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്താക്കളിലേക്ക് പൂർണമായി കൈമാറാൻ വാഹനനിർമാതാക്കൾ തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദർശിപ്പിക്കും. ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് പോളിസികൾ, 33 ജീവൻ സുരക്ഷാമരുന്നുകൾ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ പുറത്തിറക്കുന്ന റെയിൽനീർ കുപ്പിവെള്ളത്തിന്റെ വിലയിൽ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
413 ഉത്‌പന്നങ്ങളുടെ വിലകുറയും. 48,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വിലകുറയും (പുതിയ നിരക്ക് %)
5% – ഫീഡിങ് ബോട്ടിൽ, കുട്ടികൾക്കുള്ള നാപ്‌കിൻ, ക്ളിനിക്കൽ ഡയപ്പർ, തുന്നൽയന്ത്രവും ഭാഗങ്ങളും, വസ്‌ത്രങ്ങൾ,(2500 രൂപയിൽ താഴെ), ജൈവകീടനാശിനികൾ
0% – മാപ്പ്, ചാർട്ട്, ഗ്ലോബ്, പെൻസിൽ, ഷാർപ്പർ, നോട്ടുബുക്കുകൾ, ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്
18% – എസി, എൽഇഡി, എൽസിഡി ടിവികൾ(32ഇഞ്ചിന് മുകളിൽ), മോണിറ്റർ, ഡിഷ് വാഷർ, ഗ്രാനൈറ്റ്, സിമന്റ്, 1200 സിസി വരെയുള്ള പെട്രോൾ, സിഎൻജി കാറുകൾ, ഡീസൽ കാറുകൾ (1500 സിസിവരെ), മുച്ചക്ര വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ (350സിസിക്ക് താഴെ)
വില കൂടും
40% – പുകയില, പാൻമസാല, ആഡംബര വാഹനങ്ങൾ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്ട്രിക് വാഹനങ്ങൾ