വെളിച്ചെണ്ണയ്ക്ക് സ്വർണവില;രൂപംമാറി മിനറല്‍ ഓയിലും കരിഓയിലും, മായം അറിയാം ഫ്രിഡ്ജിലെ ടെസ്റ്റിൽ
കോഴിക്കോട് : സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയര്‍ന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക് വര്‍ധിക്കുമെന്ന ആശങ്കയില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി ഓപ്പറേഷന്‍ നാളികേര എന്ന പേരില്‍ പരിശോധന നടത്തിയത്. വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയത്.
ലിക്വിഡ് പാരഫിന്‍, പാംകെര്‍ണല്‍ ഓയില്‍, ശുദ്ധീകരിച്ച കരിഓയില്‍ തുടങ്ങിയവയാണ് പ്രധാനമായും വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കാനായി ഉപയോഗിക്കുന്നത്. ഹോട്ടലുകളിലും മറ്റും ഉപയോഗിച്ച വെളിച്ചെണ്ണ ശേഖരിച്ച് രാസവസ്തുക്കള്‍ കലര്‍ത്തി വീണ്ടും വിപണിയില്‍ എത്തിക്കുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ശ്രീലങ്കയിലും മറ്റു രാജ്യങ്ങളിലും എണ്ണ എടുത്തതിനു ശേഷം ലഭിക്കുന്ന തേങ്ങാപ്പിണ്ണാക്ക് ഇറക്കുമതി ചെയ്തശേഷം അതില്‍നിന്ന് എണ്ണ ഉല്‍പാദിപ്പിച്ച് വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ കാങ്കയം ഉള്‍പ്പെടെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ച് കൃത്രിമ എണ്ണ വന്‍തോതില്‍ ലഭ്യമാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരത്തില്‍ കിലോയ്ക്ക് 85 രൂപയ്ക്കു വരെ ലഭിക്കുന്ന കൃത്രിമ എണ്ണയാണ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് വിറ്റഴിക്കുന്നത്. 80 ശതമാനത്തോളം കൃത്രിമ എണ്ണയും ബാക്കി വെളിച്ചെണ്ണയും ചേര്‍ത്താണ് വിപണിയില്‍ എത്തിക്കുന്നതെന്നാണ് സൂചന.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ച് സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബുകളിലേക്ക് അയച്ചാണ് പരിശോധന നടത്തുന്നത്. നാല് സാംപിളുകള്‍ ശേഖരിച്ച് ഒരെണ്ണമാണ് ലാബിലേക്കു നല്‍കുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് 2211 റെഗുലേഷന്‍ അനുസരിച്ചുള്ള സപ്പോണിഫിക്കേഷന്‍ മൂല്യവും ആസിഡ് മൂല്യവും അയഡിന്‍ മൂല്യവും പരിശോധിച്ചാണ് പ്രധാനമായും വെളിച്ചെണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നത്. ഫാറ്റി ആസിഡ് പ്രൊഫൈല്‍ പരിശോധനയും നടത്തും. ശുദ്ധവെളിച്ചെണ്ണയില്‍ അയഡിന്‍ മൂല്യം 7.5 മുതല്‍ 10 വരെയാണ്. ആസിഡ് അനുപാതം 6ല്‍ താഴെ. സപ്പോണിഫിക്കേഷന്‍ മൂല്യം 250ല്‍ കുറയരുത്. വിര്‍ജിന്‍ വെളിച്ചെണ്ണയുടെ ആസിഡ് മൂല്യം 4ല്‍ താഴെയും അയഡിന്‍ മൂല്യം 4 മുതല്‍ 11 വരെയുമാണ്. എന്നാല്‍ മായം ചേര്‍ത്ത വെളിച്ചെണ്ണയില്‍ ഇവ അപകടകരമായി വ്യതിയാനം വരുന്നതിനാല്‍ ആരോഗ്യത്തിനു ഹാനികരമാകും. പരിശോധനയില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ അത് മായം ചേര്‍ന്ന വെളിച്ചെണ്ണയാണെന്ന് ലാബില്‍നിന്ന് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് കമ്പനി ആവശ്യപ്പെടുന്ന പക്ഷം ബാക്കിയുള്ള സാംപിള്‍ എഫ്എസ്എസ്എ അംഗീകൃത റഫറല്‍ ലാബിലേക്കു പരിശോധനയ്ക്കായി നല്‍കും. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്.
എണ്ണയിൽ മായമുണ്ടോ? ഫ്രിഡ്ജില്‍ വച്ച് പരിശോധിക്കാം
ഉപഭോക്താക്കള്‍ക്കു വീട്ടില്‍ തന്നെ ശുദ്ധമായ വെളിച്ചെണ്ണ കണ്ടെത്താനുള്ള പരിശോധന എങ്ങനെ നടത്താമെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കിയിട്ടുണ്ട്. വിലകുറഞ്ഞ മറ്റ് എണ്ണകള്‍ വെളിച്ചെണ്ണയില്‍ ചേര്‍ക്കുന്നതാണ് പ്രധാനപ്പെട്ട മായം. നിറവും മണവുമില്ലാത്ത പെട്രാളിയം ഉല്‍പ്പന്നമായ മിനറല്‍ ഓയിലും എണ്ണകളില്‍ മായമായി ചേര്‍ക്കാറുണ്ട്. വെളിച്ചെണ്ണ ചെറിയ സ്ഫടിക ഗ്ലാസില്‍ ഒരല്‍പ്പം എടുക്കുക. തുടര്‍ന്ന് അത് 30 മിനിറ്റ് ഫ്രിജിൽ വയ്ക്കുക (ഫ്രീസറില്‍ വയ്ക്കരുത്). ശുദ്ധമായ വെളിച്ചെണ്ണ ആണെങ്കില്‍ കട്ടിപിടിക്കുന്നതു കാണാം. അതില്‍ മറ്റ് എണ്ണകള്‍ കലര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് പ്രത്യേക പാളിയായി മാറി നില്‍ക്കുന്നതിനാല്‍ പെട്ടെന്നുതന്നെ തിരിച്ചറിയാം. ശുദ്ധമായ വെളിച്ചെണ്ണ ഇളം വെള്ള നിറത്തില്‍ കട്ടിപിടിച്ചു നില്‍ക്കും.
പരാതി അറിയിക്കാം:
വെളിച്ചെണ്ണയുടെ ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ ഭക്ഷ്യ സുരക്ഷാ പരാതി ടോള്‍ ഫ്രീ നമ്പറായ 1800 425 1125 ല്‍ വിവരം അറിയിക്കാം
