
വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ നിലവാരം : കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : വന്ദേഭാരത് ട്രെയിനിൽ നൽകുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരം ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
കാലാവധി കഴിഞ്ഞ ജ്യൂസ് നൽകിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. വന്ദേഭാരതിൽ കാറ്ററിംഗ് ചുമതല ഏൽപ്പിച്ചിരിക്കുന്ന ഏജൻസി യാത്രക്കാർക്ക് നൽകുന്ന ഭക്ഷണത്തിന്റെ നിലവാരം റെയിൽവേ നിരീക്ഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കേരളത്തിൽ റെയിൽവേ ഒരുക്കുന്ന മികച്ച നിലവാരമുള്ള യാത്രാ സൗകര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം നിലവാരമില്ലാത്ത ഭക്ഷണം നൽകുന്നതിൽ ആശങ്കയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. നിലവാരമില്ലാത്ത ഭക്ഷണം യാത്രക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും
യാത്ര എന്ന സന്തോഷകരമായ അനുഭവത്തെ ഇല്ലാതാക്കുകയുംചെയ്യും. പ്രീമിയം നിരക്ക് നൽകി യാത്ര ചെയ്യുന്നവർക്ക് മികച്ച യാത്രാനുഭവവും സുരക്ഷിത ഭക്ഷണവും അവകാശമാണെന്നും ഉത്തരവിൽ പറഞ്ഞു.
മേയ് 25 ന് വന്ദേഭാരതിൽ യാത്ര ചെയ്തവരാണ് പ്രഭാതഭക്ഷണത്തിനൊപ്പം നൽകിയ ജ്യൂസ് കാലഹരണപ്പെട്ടതായി പരാതി ഉന്നയിച്ചത്.
പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ റിപ്പോർട്ട് സമർപ്പിച്ചു. മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരതിൽ, ബൃന്ദാവൻ ഫുഡ് പ്രോഡക്റ്റ്സ് എന്ന കമ്പനിക്കാണ് കാറ്ററിംഗ് ലൈസൻസ് നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വന്ദേ ഭാരതിൽ നൽകുന്ന ഭക്ഷണത്തിന്റെ നിലവാരം ട്രെയിൻ ക്യാപ്റ്റനും സൂപ്പർവൈസർമാരും റെയിൽവേ ഉദ്യോഗസ്ഥരും ഉറപ്പാക്കും. ‘മാസാ’ ജ്യൂസിന്റെ കാലാവധി കഴിഞ്ഞതാണെന്ന് മനസിലാക്കി നശിപ്പിച്ചു. കാലാവധി കഴിഞ്ഞ ജ്യൂസ് നൽകിയ ഏജൻസിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.