
താര സംഘടന’അമ്മ’ പ്രസിഡൻ്റ് വനിതയാകാൻ സാധ്യത ; തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടൻ ജഗദീഷ്, നടി ശ്വേത മേനോൻ എന്നിവർ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് സംഘടനയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.
സമവായം ഉണ്ടായാൽ വനിത അമ്മയുടെ പ്രസിഡൻ്റാകും എന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരം നിലവിലെ പ്രസിഡൻ്റ് മോഹൻലാൽ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ ബാബുരാജും ട്രഷറർ സ്ഥാനത്തേക്ക് നടൻ ജയൻ ചേർത്തലയും മത്സരിക്കാൻ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്. പാനലിൻ്റെയോ ഗ്രൂപ്പിൻ്റെയോ പിന്തുണയില്ലാതെ നിരവധി പേരാണ് ഇത്തവണ ഭരണസമിതിയിലേക്ക് പത്രിക സമർപ്പിച്ചത്. മുൻ ഭരണസമിതിയിലു ണ്ടായിരുന്ന ജോമോൾ, ഉണ്ണി മുകുന്ദൻ ഉൾപ്പടെയുള്ള പലരും മത്സരത്തിൽനിന്ന് പിന്മാറി.
സൂക്ഷ്മ പരിശോധന പൂർത്തിയായി
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ആർക്കും പരാതിയില്ലാത്ത തരത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഇലക്ഷൻ ഓഫിസർമാരായ നടൻ പൂജപ്പുര രാധാകൃഷ്ണൻ, കുഞ്ചൻ എന്നിവർ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു പോസ്റ്റിലേക്ക് തന്നെ മത്സരിക്കാൻ ആറ് നാമനിർദേശ പത്രിക സമർപ്പിച്ചവർ വരെയുണ്ട്. മത്സരാർഥികളുടെ വിശദാംശങ്ങൾ ജൂലൈ 31ന് പുറത്തുവിടും.
മത്സരാർഥികളും നിലപാടുകളും
75-ൽ അധികം താരങ്ങൾ ഇത്തവണ ഭരണസമിതിയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ലൈംഗികാരോപണ വിധേയരായ വ്യക്തികൾ മത്സരത്തിൽനിന്ന് ധാർമികതയുടെ അടിസ്ഥാനത്തിൽ പിന്മാറണമെന്ന് നടൻ അനൂപ് ചന്ദ്രൻ പത്രിക സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, ലൈംഗിക ആരോപണ വിധേയർ മത്സരിക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്നും അവർ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും നടി അൻസിബ ഹസൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുഞ്ചാക്കോ ബോബനും നടൻ വിജയരാഘവനും ഭരണസമിതിയിലെ ഉന്നത സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്ന് പറ ഞ്ഞിരുന്നുവെങ്കിലും ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം
അപ്രതീക്ഷിത മത്സരവും വിവാദങ്ങളും
താരസംഘടനയായ ‘അമ്മ’യുടെ ചരിത്രത്തിലാദ്യമായി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരം നടക്കാൻ സാധ്യത. സാധാരണയായി ഐക്യകണ്ഠേന തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥാനമാണിത്. സീനിയർ നടന്മാരായ ദേവൻ, ജഗദീഷ്, രവീന്ദ്രൻ എന്നിവർ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. നടൻ ജോയ് മാത്യുവിൻ്റെ നാമനിർദേശ പത്രിക തള്ളിയതായും റിപ്പോർട്ടുകളുണ്ട്.
യുവതലമുറയുടെ കടന്നുവരവും നിലപാടുകളും
ഭരണസമിതിയിലേക്ക് പുതിയ തലമുറയിലെ അഭിനേതാക്കൾ കടന്നുവരണമെന്ന് നടൻ ആസിഫ് അലി കൊച്ചിയിൽ നടന്ന ഒരു സിനിമാ പ്രൊമോഷനിടെ വ്യക്തമാക്കിയിരുന്നു. ജനാധിപത്യവിരുദ്ധമായ കാര്യങ്ങളെ പിന്തുണയ്ക്കാൻ സാധിക്കില്ലെന്നും ആരൊക്കെ മത്സരിച്ചാലും ആരു ഭരിക്കണമെന്ന് തെരഞ്ഞെടുപ്പിലൂടെയല്ലേ തീരുമാനിക്കുന്നതെന്നും നടി സരയൂ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രൂക്ഷമായ ലൈംഗികാരോപണങ്ങൾ നേരിടുന്ന താരങ്ങൾ മത്സരിക്കുന്നതിൽ സംഘടനയിലെ ഒരു വിഭാഗം അംഗങ്ങൾക്ക് കടുത്ത അമർഷമുണ്ട്. കഴിഞ്ഞ ഭരണസമിതിയിലെ അംഗങ്ങളായിരുന്ന ഉണ്ണി മുകുന്ദൻ, നടി ജോമോൾ എന്നിവർ ഇത്തവണ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ല എന്നതും ചർച്ചയായി