’സാധ്യം : പഠനം ലളിതം’ ; ശ്രദ്ധേയമായി ഫീഡ്ബാക്ക് സെഷൻ
കോഴിക്കോട്: പഠനത്തോട് വിമുഖത കാണിച്ചിരുന്ന കുട്ടികൾ പോലും പഠനത്തിൽ താല്പര്യം കാണിക്കുകയും, സ്കൂളിൽ വരാൻ മടിച്ചിരുന്നവർ ഉത്സാഹത്തോടെ സ്കൂളിലെത്തുകയും ചെയ്യുന്ന വലിയ മാറ്റത്തിനാണ് ‘സാധ്യം: പഠനം ലളിതം’ പദ്ധതി വഴിയൊരുക്കിയിരിക്കുന്നതെന്ന് രക്ഷിതാക്കൾ. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത് ഫീഡ്ബാക്ക് സെഷനിലാണ് മായനാട് എ.യു.പി സ്കൂളിലെ രക്ഷിതാക്കൾ തങ്ങളുടെ സന്തോഷകരമായ അനുഭവങ്ങൾ പങ്കുവെച്ചത്.30 മണിക്കൂർ പിന്നിട്ട പ്രത്യേക പരിശീലനത്തിന് ശേഷമാണ് ‘Better Feedback, Brighter Future’ എന്ന സന്ദേശവുമായി ഈ സെഷൻ സംഘടിപ്പിച്ചത്. കോഴിക്കോട് ഡി.പി.സി ഡോ. നിസാർ ചേലേരി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സിദ്ദീഖ് മായനാട് മുഖ്യാതിഥിയായിരുന്നു. സംഘാടകരും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പഠനം കഠിനമാണെന്ന് കരുതി മാറിയിരുന്ന കുട്ടികളിൽ പഠനം ലളിതവും ആസ്വാദകരവുമാക്കാൻ ഈ പദ്ധതിക്ക് സാധിച്ചു. കുട്ടികളുടെ പഠന നിലവാരത്തിലും ആത്മവിശ്വാസത്തിലും സ്വഭാവ രൂപീകരണത്തിലും മാനസിക വളർച്ചയിലും വലിയ മുന്നേറ്റമാണ് പ്രകടമായത്. കുട്ടികളുടെ ഈ അത്ഭുതകരമായ മാറ്റം തങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് അനുഭവങ്ങൾ പങ്കുവെച്ച് സംസാരിച്ച രക്ഷിതാക്കൾ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു.കുട്ടികളിലെ ഭയവും വിമുഖതയും മാറ്റി നിർത്തി, അവരെ സന്തോഷത്തോടെ പഠനത്തിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും വൻതോതിൽ പങ്കെടുത്ത ചടങ്ങ് ഏറെ വൈകാരികവും ശ്രദ്ധേയവുമായാണ് സമാപിച്ചത്.പരിപാടിയിൽ റിട്ടയേഡ് ഡി ഇ ഒ നാസർ, സ്റ്റാഫ് സെക്രട്ടറി ശ്രീഹരി, എസ് ആർ ജി കൺവീനർ പ്രിയ, അശ്വതി എ ജെ എന്നിവർ ആശംസകൾ അറിയിച്ചു.ഹീലിംഗ് ലൈറ്റ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ലത്തീഫ് മുട്ടാഞ്ചേരി പദ്ധതി വിശദീകരണം നടത്തി.പിടിഎ പ്രസിഡണ്ട് സുമേഷ് അധ്യക്ഷതവഹിച്ചു പ്രധാന അധ്യാപകൻ കെ അനൂപ് സ്വാഗതവും സാധ്യം പ്രോഗ്രാം കോഡിനേറ്റർ റഫീഖ് മായനാട് നന്ദിയും പറഞ്ഞു.