റിയാദ് എയർ സർവീസ് ആരംഭിക്കുന്നത് സ്വാഗതാർഹം: കാലിക്കറ്റ് ചേംബർ
കോഴിക്കോട്: സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കാനുള്ള തീരുമാനത്തെ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് സ്വാഗതം ചെയ്തു. ചേംബർ ഹാളിൽ നടന്ന കാലിക്കറ്റ് എയർപോർട്ട് ഡെവലപ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് റിയാദ് എയറിന്റെ കോഴിക്കോട് സർവീസ് തീരുമാനത്തെ സ്വാഗതം ചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ അണഞ്ഞുകിടക്കുന്ന തെരുവുവിളക്കുകൾ അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിനും കൃത്യമായ പരിപാലന സംവിധാനം ഏർപ്പെടുത്തണമെന്നും യോഗം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. ചേംബർ എയർപോർട്ട്
കമ്മിറ്റി ചെയർമാൻ ഡോ. കെ. മൊയ്തു അധ്യക്ഷത വഹിച്ചു. ചേംബർ പ്രസിഡന്റ് എ. പി. അബ്ദുല്ലക്കുട്ടി, കൺവീനർ റാഫി പി. ദേവസ്സി, കോയട്ടി മാളിയേക്കൽ, സുബൈർ കൊളക്കാടൻ എന്നിവർ സംസാരിച്ചു.